
തൃശൂർ: ട്രെയിനിൽ നിന്നും തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ നാട്ടുകാർ ഇടപെട്ട് രക്ഷപെടുത്തി. സംഭവത്തിൽ ദിണ്ടിഗൽ സ്വദേശി വെട്രിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിലേക്ക് ട്രെയിനിൽ വരികയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞിനെയാണ് ഇയാൾ തട്ടിയെടുത്തത്.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒഡീഷയിൽ നിന്ന് ആലുവയിലേക്കുള്ള ടാറ്റ നഗർ എക്സ്പ്രസിലാണ് ഒരു വയസുള്ള കുഞ്ഞുമായി ഒഡീഷ സ്വദേശികളായ മാനസ്- ഹമീസ ദമ്പതികൾ യാത്ര ചെയ്തത്. കമ്പാർട്ട്മെന്റിൽ ആളുകൾ കുറവായതിനാൽ ഹമീസ കുഞ്ഞിനൊപ്പം സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിനെ വെട്രിവേൽ തട്ടിയെടുക്കുന്നത്. തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് ദമ്പതികൾ അറിയുന്നത്.
ദമ്പതികൾ റെയിൽവേ പൊലീസുമായി ബന്ധപ്പെട്ട് കുഞ്ഞിനായുള്ള അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് വാവിട്ട് കരയുന്ന കുഞ്ഞുമായി ഒരു യുവാവിനെ ഒലവക്കോട് കാണുന്നത്. സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. കുഞ്ഞ് യുവാവിന്റേതാണോയെന്ന ചോദ്യത്തിന് മദ്യപിച്ച് ലക്കുകെട്ട യുവാവ് ആദ്യം അതേയെന്ന് പറഞ്ഞു. പിന്നാലെ നിങ്ങളുടെ കുഞ്ഞാണെങ്കിൽ എടുത്തോളൂയെന്നായിരുന്നു വെട്രിവേൽ നൽകിയ മറുപടി. ഇതോടെ നാട്ടുകാർ യുവാവിനെ തടഞ്ഞുവച്ച് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.











