05:05am 19 October 2026
NEWS
കോവളത്തെ സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിന് ഇരയായി; വിറ്റത് മാതൃസഹോദരിയും ഭർത്താവുമെന്ന് വിവരം
18/10/2026  03:52 PM IST
nila
കോവളത്തെ സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിന് ഇരയായി; വിറ്റത് മാതൃസഹോദരിയും ഭർത്താവുമെന്ന് വിവരം

 

തിരുവനന്തപുരം: കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ആന്ധ്രപ്രദേശ് സ്വദേശിനിയായ 16കാരിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് സ്പായിൽ വിറ്റതായാണ് വിവരം. സംഭവത്തിൽ സ്പായുമായി ബന്ധപ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ സംരക്ഷണച്ചുമതല മാതൃസഹോദരിക്കും ഭർത്താവിനുമായിരുന്നു. ഇവരാണ് ജൂലൈയിൽ പെൺകുട്ടിയെ കോവളത്ത് എത്തിച്ചത്. തുടർന്ന് വിവിധ സ്പാകളിൽ ജോലി ചെയ്യിപ്പിച്ചുവെന്നാണ് വിവരം. ഇതിനിടെ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായും കണ്ടെത്തിയിട്ടുണ്ട്.

പെൺകുട്ടിക്ക് 16 വയസ്സാണെങ്കിലും 20 വയസ്സുണ്ടെന്ന് കാണിക്കുന്ന ആധാർ കാർഡ് കൈവശമുണ്ടായിരുന്നു. ഈ രേഖ വ്യാജമാണെന്നാണ് സൂചന. കുട്ടിയുടെ യഥാർഥ പ്രായം മറച്ചുവെച്ചാണോ സ്പായിൽ ജോലി ചെയ്യിപ്പിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

ഒരു സ്പായിൽ ജോലി ചെയ്തിരുന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലായതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. ഇവിടെനിന്ന് പുറത്തുകടക്കാൻ പെൺകുട്ടി ശ്രമിച്ചതിനു പിന്നാലെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ പൂവാർ സ്വദേശിയെയും ആലപ്പുഴ സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയെ കോവളത്ത് എത്തിച്ച ബന്ധുക്കൾ ആന്ധ്രപ്രദേശിലേക്ക് മടങ്ങിയതായാണ് വിവരം. കോവളം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img