
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർക്കലയിലെ അപ്പാർട്ട്മെന്റിലെത്തിച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. തമിഴ്നാട് നാഗർകോവിൽ പാർവതീപുരം സ്വദേശി റിസ്വിനെതിരെയാണ് വർക്കല പോലീസ് കേസെടുത്തത്.
തിരുവനന്തപുരം സ്വദേശിനിയും വട്ടപ്പാറയിലെ സ്വകാര്യ സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുന്നതുമായ 16കാരിയാണ് പരാതിക്കാരി. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി റിസ്വിനുമായി പരിചയത്തിലായത്. തുടർന്ന് സെപ്റ്റംബർ 26ന് റിസ്വിനും സുഹൃത്തുക്കളായ റെമിങ്ടൺ, സഫിയ, ടോണി, ശ്രീഖ എന്നിവരും ചേർന്ന് പെൺകുട്ടിയെ തിരുവനന്തപുരത്തെ ലുലു മാളിന് സമീപത്തുനിന്ന് കാറിൽ കയറ്റി വർക്കല പാപനാശം ബീച്ചിലെ അപ്പാർട്ട്മെന്റിലെത്തിച്ചെന്നാണ് പരാതി.
അവിടെവച്ച് നിർബന്ധിച്ച് മദ്യം നൽകിയശേഷം റിസ്വിൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. സംഭവത്തിനുപിന്നാലെ പ്രതി ഒളിവിൽ പോയതായും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.










