
കാസർകോട്: 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്നേഹ മെർലിനെ (25) മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മയ്യിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെതിരെ ഇതിനുമുമ്പ് മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ, ഇത് നാലാമത്തെ പോക്സോ കേസാണ്.
പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്ന സ്നേഹ മെർലിൻ ഏകദേശം ഒരു വർഷത്തോളം കുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഈ കാലയളവിൽ പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. അമ്മ വീട്ടിലുണ്ടായിരുന്ന സമയങ്ങളിലും പീഡനം നടന്നതായി 14കാരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ലഹരി വിൽപ്പന കേസിൽ പ്രതിയായ പെൺകുട്ടിയുടെ അമ്മയുമായി കണ്ണൂർ വനിതാ ജയിലിൽ വച്ചാണ് സ്നേഹ മെർലിൻ പരിചയപ്പെട്ടത്. പിന്നീട് ഇരയായ കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയ ശേഷമാണ് അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് അധികൃതരോട് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മേൽപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സ്നേഹ മെർലിനെതിരെ മുമ്പും സമാന സ്വഭാവമുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025 മാർച്ച് 14-ന് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ വിവരം അറിയിക്കുകയും, ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.
ആ കേസിൽ സ്വർണ ബ്രേസ്ലെറ്റ് ഉൾപ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി കുട്ടിയെ സ്വാധീനിച്ച ശേഷമാണ് പീഡനം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ, അതേ കേസിലെ ഇരയുടെ 15 വയസുള്ള സഹോദരനെയും പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നു. ഇതേ തുടർന്നാണ് മറ്റൊരു പോക്സോ കേസിലും സ്നേഹ മെർലിയെ അറസ്റ്റ് ചെയ്തത്.
നിലവിലെ കേസിലും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.










