പതിനാറുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയവരിൽ യൂത്ത് ലീഗ് നേതാവും എഇഒയും ഉൾപ്പെടെ

കാസർകോട് ചന്തേരയിൽ പതിനാറുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡേറ്റിങ് ആപ് വഴിയാണ് പ്രതികൾ വിദ്യാർത്ഥിയെ പരിചയപ്പെട്ടതെന്നാണു വിവരം. നിലവിൽ 14 പ്രതികളാണുള്ളത്. ഇതിൽ ഒരാൾ യൂത്ത് ലീഗ് നേതാവാണ്. മറ്റൊരാൾ എഇഒയും. വിരമിച്ച ആർപിഎഫ് ഉദ്യോഗസ്ഥർ അടക്കം പ്രതിപ്പട്ടികയിലുണ്ട്. ആറുപേർ അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ളവർ ഒളിവിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വിദ്യാർത്ഥിയുടെ ഫോൺ അമ്മ പരിശോധിച്ചപ്പോഴാണ് സംശയകരമായ രീതിയിലുള്ള കാര്യങ്ങൾ കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നാലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയോട് സംസാരിച്ചപ്പോഴാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ദീർഘകാലമായി പലരും വിദ്യാർത്ഥിയെ പീഡിപ്പിക്കുന്നുണ്ടെന്നാണു വിവരം. ഇവർക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തേക്കും വ്യാപിപ്പിക്കാനാണു പൊലീസ് തീരുമാനം.
കൂടുതൽ പേർ സംഭവത്തിലുൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നാണു പൊലീസ് വ്യക്തമാക്കുന്നത്.