
സംസ്ഥാന സർക്കാരിന്റെ പുതിയ ബ്രാൻഡി ബ്രാൻഡായ ‘മിന്നൽ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. സർക്കാർ നിയന്ത്രണത്തിലുള്ള ബെവ്കോ ഔട്ട്ലെറ്റുകൾ വഴിയായിരിക്കും വിൽപ്പന. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിലാണ് പുതിയ മദ്യം നിർമിക്കുന്നത്. അരലിറ്റർ കുപ്പികളിലായിരിക്കും ‘മിന്നൽ മാജിക്’ ലഭ്യമാകുക. ഒരു കുപ്പിയുടെ വില 400 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പ്രതിദിനം 900 കേസ് വരെ ഉൽപാദിപ്പിക്കാനാണ് മലബാർ ഡിസ്റ്റിലറിയുടെ പദ്ധതി.
ആദ്യഘട്ടത്തിൽ മറ്റൊരു പേര് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ‘മിന്നൽ മാജിക്’ എന്ന പേരിലാണ് ബ്രാൻഡ് പുറത്തിറക്കാൻ തീരുമാനിച്ചത്. ഈ മാസം അവസാനത്തോടെ തന്നെ ബെവ്കോ ഔട്ട്ലെറ്റുകളിൽ എത്തിക്കാനാണ് സർക്കാർ നീക്കം. എന്നാൽ വിതരണത്തിന്റെ കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കുറഞ്ഞ നിരക്കിൽ സർക്കാർ ബ്രാൻഡിലുള്ള മദ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാൻഡി അവതരിപ്പിക്കുന്നത്.










