05:21am 13 November 2026
NEWS
പരിസ്ഥിതി ഭരണവും ഏകോപനവും ശക്തിപ്പെടുത്താൻ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട്
15/01/2026  11:44 AM IST
nila
പരിസ്ഥിതി ഭരണവും ഏകോപനവും ശക്തിപ്പെടുത്താൻ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട്

ദോഹ:പരിസ്ഥിതി–കാലാവസ്ഥ മാറ്റ മന്ത്രാലയം തയ്യാറാക്കിയ പുതിയ സ്റ്റേറ്റ് ഓഫ് ദ എൻവയോൺമെന്റ് റിപ്പോർട്ട്, മന്ത്രാലയത്തിന്റെ നിലവിലെ പദ്ധതികളുമായും നടപ്പാക്കൽ സംവിധാനങ്ങളുമായും ഫലപ്രദമായി ബന്ധിപ്പിച്ചിരിക്കുന്നതായി അധികൃതർ വ്യക്തമാക്കി. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ പുതുക്കിയ പരിസ്ഥിതി വിവരങ്ങൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ആഭ്യന്തര ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഓരോ സ്ഥാപനത്തിനുമുള്ള പരിസ്ഥിതി ഉത്തരവാദിത്വങ്ങൾ വ്യക്തമായ പങ്കുവിഭജനത്തോടെ നിരീക്ഷിക്കുന്നതിനും സഹായകരമാണെന്ന് വ്യക്തമാക്കി.
സ്ഥാപനപരമായ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും പരിസ്ഥിതി പ്രവർത്തനരീതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഈ റിപ്പോർട്ട് പ്രായോഗിക അടിസ്ഥാനം നൽകുന്നുവെന്നും അധികൃതർ പറഞ്ഞു. ഖത്തറിലെ പരിസ്ഥിതിയുടെ നിലവാരം നിരന്തരം വിലയിരുത്തുന്ന കാലിക റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇത് പുറത്തിറക്കിയതെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട് തയ്യാറാക്കലിന്റെ ജനറൽ സൂപ്പർവൈസറും മന്ത്രാലയത്തിലെ ടെക്നിക്കൽ ഓഫീസ് ഡയറക്ടറുമായ എൻജിനീയർ ഹുസൈൻ സാദ് അൽ കുബൈസി, 2021-ൽ പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് ദ എൻവയോൺമെന്റ് റിപ്പോർട്ടിന്റെ തുടർച്ചയാണ് ഈ പതിപ്പെന്ന് പറഞ്ഞു. 2020 മുതൽ 2024 വരെ ശേഖരിച്ച കൃത്യമായ പരിസ്ഥിതി ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പുതുക്കിയ അവലോകനമാണിതെന്നും, ദേശീയ-പ്രാദേശിക-ആഗോള തലങ്ങളിലെ പ്രധാന മാറ്റങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജൈവവൈവിധ്യം, വായു-പരിസ്ഥിതിയും കാലാവസ്ഥാ മാറ്റവും, സമുദ്ര പരിസ്ഥിതി, ജല വിഭവങ്ങൾ, ഭൂമിസംരക്ഷണം, മാലിന്യസംസ്‌കരണവും സർക്കുലർ ഇക്കണോമിയും, പരിസ്ഥിതിയും വികസനവും, പരിസ്ഥിതി നയങ്ങളും ഭരണസംവിധാനങ്ങളും, ഭാവി ദർശനങ്ങളും സാധ്യതകളും ഉൾപ്പെടെ ഒൻപത് പ്രധാന വിഭാഗങ്ങളായി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് അൽ കുബൈസി പറഞ്ഞു.
ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി, എർത്ന സെന്റർ എന്നിവയുടെ സഹകരണത്തോടെയും ദേശീയ തലത്തിലെ വിദഗ്ധരും ശാസ്ത്രജ്ഞരും പങ്കെടുത്തുമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ DPSIR (Driving forces, Pressures, State, Impacts, Responses) മാതൃക പിന്തുടർന്നാണ് പഠനം നടത്തിയതെന്നും, കഴിഞ്ഞ സെപ്റ്റംബറിൽ 13 ദേശീയ സ്ഥാപനങ്ങളിലെ 25 വകുപ്പുകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച വിപുലമായ വർക്ക്‌ഷോപ്പും റിപ്പോർട്ട് തയ്യാറാക്കലിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img