
ദോഹ:പൊതുജനസുരക്ഷ മുൻനിർത്തി ഖത്തറിൽ എല്ലാവിധ ചെറിയ കടൽയാത്രകൾക്കും സമുദ്രവിനോദങ്ങൾക്കും താൽക്കാലിക വിലക്കേർപ്പെടുത്തി ഗതാഗത മന്ത്രാലയം (MoT) ഞായറാഴ്ച സർക്കുലർ പുറത്തിറക്കി. സുരക്ഷാ അധികാരികളുമായി നടത്തിയ ഏകോപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുൻകരുതൽ നടപടി.
വിനോദ ബോട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾ, ജെറ്റ് സ്കീകൾ (Jet skis), മറ്റ് സമാനമായ ചെറുകിട കടൽ വാഹനങ്ങൾ എന്നിവയുടെ ഉടമകളും ഉപയോക്താക്കളും സർക്കുലർ പുറത്തിറക്കിയ തീയതി മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രാ-വിനോദ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെക്കണമെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര കപ്പലുകൾക്ക് ഇളവ്
അതേസമയം, അന്താരാഷ്ട്ര സമുദ്ര ഉടമ്പടികൾക്ക് (International Maritime Conventions) വിധേയമായി സർവീസ് നടത്തുന്ന വലിയ കപ്പലുകളെയും മറ്റ് വലിയ സമുദ്ര വാഹനങ്ങളെയും ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവ നിലവിലുള്ള നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി തുടർന്നും സർവീസ് നടത്തുന്നതായിരിക്കും.
നിർദ്ദേശങ്ങൾ എല്ലാവരും പൂർണ്ണമായി പാലിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി യഥാസമയം അറിയിക്കുമെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി.










