
ദോഹ: രാജ്യത്തെ സൈക്ലിംഗ്, മൈക്രോ-മൊബിലിറ്റി (ഇ-സ്കൂട്ടർ പോലുള്ള ചെറുവാഹനങ്ങൾ) മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് പരിഷ്കരിച്ച 'ഖത്തർ ബൈസിക്കിൾ മാസ്റ്റർ പ്ലാൻ' (QBMP) ഖത്തർ ഗതാഗത മന്ത്രാലയം (MoT) പ്രഖ്യാപിച്ചു. വർദ്ധിച്ചുവരുന്ന ജനസംഖ്യയും നഗരവികസനവും കണക്കിലെടുത്ത്, സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുമാണ് ഈ സമഗ്ര പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ ശ്രമത്തിലൂടെ രാജ്യത്തെ നിലവിലുള്ള 1,500 കിലോമീറ്ററിലധികം വരുന്ന സൈക്കിൾ പാതകൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.നിലവിലുള്ള ട്രാക്കുകൾക്ക് പുറമെ അയ്യായിരത്തിലധികം ആളുകളിൽ നിന്ന് സർവേ വിവരങ്ങൾ ശേഖരിച്ച് ജനങ്ങളുടെ ആവശ്യാനുസരണം 3,800 കിലോമീറ്റർ പുതിയ പാതകൾ കൂടി കൂട്ടിച്ചേർക്കും.സൈക്കിൾ യാത്രികരുടെ സുരക്ഷയ്ക്കായി പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും 110 കിലോമീറ്ററിലധികം നീളത്തിൽ പ്രത്യേക ക്രോസിംഗുകൾ (Grade-separated crossings) നിർമ്മിക്കും.സൈക്കിൾ, ഇ-സ്കൂട്ടർ ഉപഭോക്താക്കൾക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ 7 കൂറ്റൻ അമെനിറ്റി ഹബ്ബുകൾ (Mega Amenity Hubs) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും.സുരക്ഷിതമായ ശൃംഖല ഉറപ്പാക്കാൻ 17 പുതിയ നയങ്ങളും, 18 സ്കീമുകളും, 'ഖത്തർ ബൈക്ക് ഇൻഫ്രാസ്ട്രക്ചർ പ്ലാനിംഗ് ആൻഡ് ഡിസൈൻ ഗൈഡും (QBIG)' പുറത്തിറക്കി.
നിലവിൽ ഖത്തറിലെ 19 ശതമാനം ആളുകൾ സൈക്കിളുകളോ മൈക്രോ-മൊബിലിറ്റി ഉപകരണങ്ങളോ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, ദൈനംദിന യാത്രകൾക്കായി 1 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. ഈ സാഹചര്യം മാറ്റി സൈക്ലിംഗ് ഒരു നിത്യജീവിത ശീലമാക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്ന് ഗതാഗത മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ അബ്ദുള്ള സെയ്ഫ് അൽ സുലൈത്തി പറഞ്ഞു.
ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (2024-2030) എന്നിവയ്ക്ക് അനുസൃതമായാണ് ഈ പദ്ധതി. ഇത് വഴി കാർബൺ ഉദ്‌വമനം കുറയ്ക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. ഹ്രസ്വ-മധ്യ-ദീർഘകാല ഘട്ടങ്ങളായി തിരിച്ച് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











