
ദോഹ:പ്രാദേശികമായും വിദേശത്തുനിന്നും വിപണിയിലെത്തുന്ന ഭക്ഷ്യോൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ക്ഷീരഉൽപ്പന്നങ്ങളുടെ ഇറക്കുമതി വ്യവസ്ഥകൾ പുതുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. മന്ത്രിസഭയുടെ പ്രത്യേക നിർദ്ദേശാനുസരണം മറ്റ് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തിയാണ് പുതിയ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
2026 ജൂലൈ 2 മുതൽ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. വിപണിയിലിറക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും മുൻപായി ഉൽപ്പന്നങ്ങൾ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. 2022 മേയ് 1-ലെ സർക്കുലറിലാണ് പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്.
ലോക മൃഗാരോഗ്യ സംഘടനയുടെ (WOAH) 2026-ലെ 19-ാം നമ്പർ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ, കുളമ്പുരോഗ (Foot-and-mouth disease) മുക്ത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക മന്ത്രാലയം പുറത്തുവിട്ടു. ഈ പട്ടികയിൽ നിന്ന് റിപ്പബ്ലിക് ഓഫ് സൈപ്രസിനെ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ന്യூகാലെഡോണിയ ഉൾപ്പെടെ 63 രാജ്യങ്ങളാണ് അംഗീകൃത പട്ടികയിലുള്ളത്. ജർമ്മനി, ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, യു.കെ, യു.എസ്.എ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നു.ഫുൾ ക്രീം, ലോ-ഫാറ്റ്, സ്കിംഡ്, ഫ്ലേവേർഡ്, ഹൈ-പ്രോട്ടീൻ, ലാക്ടോസ് ഫ്രീ തുടങ്ങി എല്ലാ അളവുകളിലും ഇനങ്ങളിലുമുള്ള UHT പാലിനും പുതിയ നിബന്ധനകൾ ബാധകമാണ്. എന്നാൽ കോഫി, കൊക്കോ, പഴച്ചാറുകൾ തുടങ്ങിയ സ്വാഭാവിക ഫ്ലേവറുകളോ കൃത്രിമ ഫ്ലേവറുകളോ ചേർത്ത ഉൽപ്പന്നങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.നിർദ്ദിഷ്ട താപനിലയും സംഭരണ കാലയളവും പാലിക്കണം. ദീർഘകാല കാലാവധിയുള്ള (Extended shelf life) ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാണ്.ഗ്രീക്ക് തൈര്, പ്രൊബയോട്ടിക് അടങ്ങിയവ, ലാക്ടോസ് ഫ്രീ തുടങ്ങി എല്ലാത്തരം തൈരുകൾക്കും പാൽ ഉൽപ്പന്നങ്ങൾക്കും നിയമം ബാധകമായിരിക്കും.പാൽ ചേരുവകൾ അടങ്ങിയ എല്ലാത്തരം ക്രീമുകൾക്കും വ്യവസ്ഥകൾ ബാധകമാണ്. എന്നാൽ പാസ്ചറൈസ് ചെയ്ത ക്രീം, ഓർഗാനിക് ക്രീം, ബഫലോ മിൽക്ക് ക്രീം, പൂർണ്ണമായും സസ്യനിർമ്മിതമായ (Vegetable cream) ക്രീമുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.സെമി-ലിക്വിഡ് ചീസുകൾ, സസ്യഎണ്ണ ചേർത്തവ, ലാക്ടോസ് ഫ്രീ ഇനങ്ങൾ എന്നിവയ്ക്ക് നിയമം ബാധകമാണ്. എന്നാൽ ബ്ലോക്ക്, സ്ലൈസ് രൂപത്തിലുള്ള ചീസുകളെയും മെറ്റൽ കണ്ടെയ്നറുകളിൽ വരുന്നവയെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.നവജാതശിശുക്കൾക്കുള്ള മിൽക്ക് ഫോർമുലകൾ, ആട്/ഒട്ടകം എന്നിവയുടെ പാൽ ഉൽപ്പന്നങ്ങൾ, പശുമിൽക്ക് അല്ലാത്തവ, പാൽ അധിഷ്ഠിത മധുരപലഹാരങ്ങൾ എന്നിവയെ ഈ ഭേദഗതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കി.











