
ദോഹ: ശുചീകരണ തൊഴിലാളികളുടെ മഹത്തായ സേവനങ്ങളെ അംഗീകരിക്കുന്നതിനും അവർക്ക് ആദരവ് നൽകുന്നതിനുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് ഹൈജീൻ ഡിപ്പാർട്ട്മെന്റ് 'അപ്രീസിയേഷൻ ആൻഡ് അവയർനസ്' (Appreciation and Awareness) എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയവുമായി സഹകരിച്ച് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിലായിരുന്നു (MIA) ചടങ്ങ് നടന്നത്.
മുനിസിപ്പൽ പ്രവർത്തനങ്ങളുടെ മാനുഷികവും സാമൂഹികവുമായ വശങ്ങൾ ഉയർത്തിക്കാട്ടുന്നതിനും, രാജ്യത്തെ വൃത്തിയായി സൂക്ഷിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ജീവനക്കാർക്ക് അർഹമായ പരിഗണന നൽകുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. വിശുദ്ധ റമദാൻ മാസത്തിന്റെ ഭാഗമായുള്ള സാമൂഹിക മൂല്യങ്ങൾ ഉൾക്കൊണ്ടാണ് തൊഴിലാളികളെ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാക്കിയുള്ള ഈ പരിപാടി ആവിഷ്കരിച്ചത്.
പബ്ലിക് ഹൈജീൻ ഡിപ്പാർട്ട്മെന്റിലെ ഏകദേശം 400-ഓളം തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. തൊഴിലിന്റെ സത്യസന്ധതയെക്കുറിച്ചും പരിസര ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നടന്ന ബോധവൽക്കരണ ക്ലാസ്സിൽ, ജോലിയിലെ മികവും മതപരമായ മൂല്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ചു. രാജ്യത്തിന്റെ നാഗരികമായ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിൽ ഓരോ തൊഴിലാളിയുടെയും പങ്ക് എത്രത്തോളമുണ്ടെന്ന് ചടങ്ങിൽ ഓർമ്മിപ്പിച്ചു.
കൂടാതെ, ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിലെ വിവിധ ഹാളുകളിൽ നടന്ന സാംസ്കാരിക പര്യടനത്തിൽ ഇസ്ലാമിക നാഗരികതയുടെ ചരിത്രരേഖകളും പുരാവസ്തുക്കളും പരിചയപ്പെടാൻ അവർക്ക് അവസരം ലഭിച്ചു.
ശുചീകരണ തൊഴിലാളികൾ നടത്തുന്ന ദൈനംദിന പ്രവർത്തനങ്ങൾ പൊതുജനാരോഗ്യത്തിനും രാജ്യത്തിന്റെ സൗന്ദര്യത്തിനും അത്യന്താപേക്ഷിതമാണെന്ന് പബ്ലിക് ഹൈജീൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഖ്ബിൽ അൽ ഷമ്മരി പറഞ്ഞു. തൊഴിലാളികളുടെ മനോവീര്യം വർദ്ധിപ്പിക്കാനും അവരോടുള്ള ബഹുമാനം സമൂഹത്തിൽ ഉറപ്പിക്കാനും ഇത്തരം ഗുണമേന്മയുള്ള സംരംഭങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.











