
ദോഹ: രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം ഹസാദ് ഫുഡ് കമ്പനിയുമായി (Hassad Food) സഹകരിച്ച് 'റഖ്മന' (Raqmana) എന്ന സംയോജിത ദേശീയ കാർഷിക ഡാറ്റാ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഭക്ഷ്യപ്രതിസന്ധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനവും ഈ പ്ലാറ്റ്ഫോമിലുണ്ട്.
കാർഷിക, മൃഗസംരക്ഷണ, മത്സ്യബന്ധന മേഖലകളുമായി ബന്ധപ്പെട്ട കൃത്യവും ഏറ്റവും പുതിയതുമായ വിവരങ്ങൾ ശേഖരിക്കാനും വിശകലനം ചെയ്യാനും ഈ പ്ലാറ്റ്ഫോം സഹായിക്കും. ഖത്തർ ദേശീയ വിഷൻ 2030-ന് അനുസൃതമായി, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം കൃത്യമായ ഡാറ്റ വിശകലനത്തിലൂടെ ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കാണാനും വിതരണ ശൃംഖലയിലെ വിടവുകൾ കണ്ടെത്താനും ഇതിലൂടെ സാധിക്കും.രാജ്യത്തുടനീളമുള്ള ഉൽപ്പാദന-വിതരണ കേന്ദ്രങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി നൂറിലധികം വിദഗ്ധരടങ്ങുന്ന സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.കർഷകർക്കും ഉൽപ്പാദകർക്കും തങ്ങളുടെ വിവരങ്ങൾ എളുപ്പത്തിൽ പങ്കുവെക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമായി ആൻഡ്രോയിഡ് (Android), ഐഒഎസ് (iOS) പ്ലാറ്റ്ഫോമുകളിലും വെബ് പോർട്ടലിലും 'റഖ്മന' ലഭ്യമാണ്.വിപണിയിലെ ലഭ്യതയും സ്വയംപര്യാപ്തതാ നിരക്കും നിരന്തരം നിരീക്ഷിക്കുന്നതിലൂടെ വിതരണ ശൃംഖലയിലുണ്ടാകാൻ സാധ്യതയുള്ള കുറവുകൾ നേരത്തെ കണ്ടെത്താനും പ്രതിസന്ധികൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ അധികൃതർക്ക് ഇടപെടാനും ഇതിലൂടെ സാധിക്കും.
കാർഷിക-മൃഗ-മത്സ്യ മേഖലകളിലെ വിവരങ്ങളെല്ലാം ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ പ്രാദേശിക ഭക്ഷ്യോൽപ്പാദനത്തിന്റെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും, കൂടുതൽ പിന്തുണ ആവശ്യമുള്ള മേഖലകളെ കണ്ടെത്തി ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കാൻ ഇത് സഹായകമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.










