
ദോഹ:പൊതു ശുചിത്വ മേഖലയെ ആധുനിക സാങ്കേതികവിദ്യകളുടെയും കൃത്രിമ ബുദ്ധിയുടെ യും സഹായത്തോടെ വികസിപ്പിക്കുന്നതിന്റെ ഭാഗമായിമുനിസിപ്പാലിറ്റി മന്ത്രാലയം ‘നാഷണൽ സ്മാർട്ട് ഹൈജീൻ അവാർഡ്’ പ്രഖ്യാപിച്ചു. ആദ്യമായാണ്
പബ്ലിക് ഹൈജീൻ വകുപ്പിന്റെ നേതൃത്വത്തിൽ
ഇത്തരമൊരു ദേശീയതല അവാർഡ് നൽകുന്നത്.ഓരോ വർഷവും തുടർച്ചയായി നൽകുന്ന ഈ അവാർഡിന്റെ ലക്ഷ്യം യൂണിവേഴ്സിറ്റികൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരെ പങ്കെടുപ്പിച്ച്, ശുചീകരണം, മാലിന്യ ശേഖരണം, വീഥികൾ, പൊതു സ്ക്വയറുകൾ, കടൽത്തീരങ്ങൾ, വാട്ടർഫ്രണ്ട് മേഖലകൾ എന്നിവയുടെ ശുചിത്വ സേവനങ്ങൾ മെച്ചപ്പെടുത്തുന്ന നവീന പരിഹാരങ്ങൾ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ്. പ്രവർത്തനക്ഷമത വർധിപ്പിക്കുകയും സുസ്ഥിരത കൈവരിക്കുകയുമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്ന, സിദ്ധാന്തപരമായ ആശയങ്ങൾക്കപ്പുറം നിൽക്കുന്ന നവീന ഗ്രാജുവേഷൻ പ്രോജക്ടുകൾ സമർപ്പിക്കുന്ന യൂണിവേഴ്സിറ്റികൾക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അവാർഡിൽ പങ്കെടുക്കാമെന്ന് പബ്ലിക് ഹൈജീൻ വകുപ്പിലെ അവബോധ–വിദ്യാഭ്യാസ വിഭാഗം മേധാവി ഹമദ് ഹസ്സൻ അൽ തമീമി, ഖത്തർ ന്യൂസ് ഏജൻസിയോട്പറഞ്ഞു.
അവാർഡിന് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 1 ആണെന്നും, അവാർഡിന് പ്രത്യേകമായി സജ്ജീകരിച്ച ഇമെയിൽ വിലാസത്തിലൂടെയാണ് പദ്ധതികൾ സമർപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമ ബുദ്ധി (AI), ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), സ്മാർട്ട് ഡിജിറ്റൽ പരിഹാരങ്ങൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, നവീനത, പ്രായോഗികത എന്നിവയെ അടിസ്ഥാനമാക്കി വിദഗ്ധ സമിതി മൂന്നു മികച്ച പദ്ധതികളെ തിരഞ്ഞെടുക്കും.അക്കാദമിക് വിദ്യാഭ്യാസവും പ്രായോഗിക നവീകരണവും തമ്മിൽ ബന്ധിപ്പിക്കുന്ന വേദിയായി ഈ അവാർഡ് പ്രവർത്തിക്കുമെന്നും, യുവജനങ്ങളുടെയും ഗവേഷകരുടെയും പങ്കാളിത്തം വർധിപ്പിച്ച് ഖത്തറിലെ പൊതു ശുചിത്വ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ ജീവിത നിലവാരം ഉയർത്താനും ഖത്തർ നാഷണൽ വിഷൻ 2030ന്റെ സുസ്ഥിരത ലക്ഷ്യങ്ങൾ കൈവരിക്കാനും ഇത് സഹായിക്കുമെന്നും അൽ തമീമി വ്യക്തമാക്കി.











