
ദോഹ: ഔദ്യോഗിക ഗസറ്റിനു വേണ്ടിയും 'അൽ-മീസാൻ' ലീഗൽ പോർട്ടലിനു വേണ്ടിയുമുള്ള പുതിയ വെബ്‌സൈറ്റ് ഞായറാഴ്ച പുറത്തിറക്കാൻ ഖത്തർ നീതിന്യായ മന്ത്രാലയം (MoJ) ഒരുങ്ങുന്നു. കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര ദേശീയ നിയമ വിജ്ഞാന പ്ലാറ്റ്‌ഫോമാണിത്.
അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാകുന്ന ഈ പ്ലാറ്റ്‌ഫോമിൽ, നിയമങ്ങൾ എളുപ്പത്തിൽ തിരയാനും മനസ്സിലാക്കാനും സഹായിക്കുന്ന അത്യാധുനിക സേർച്ച്, കാറ്റഗറൈസേഷൻ ടൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇതിലെ എ.ഐ അധിഷ്ഠിത വിവരങ്ങൾ നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് മാത്രമുള്ളതാണെന്നും ഔദ്യോഗിക നിയമഗ്രന്ഥങ്ങൾ തന്നെയാണ് അന്തിമ പ്രമാണമെന്നും മന്ത്രാലയം വ്യക്തമാക്കി.
സുതാര്യതയും പൊതുജന പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭാ ജനറൽ സെക്രട്ടറിയേറ്റുമായി സഹകരിച്ച്, പൊതുജന ചർച്ചയ്ക്കായി സമർപ്പിക്കുന്ന കരട് നിയമങ്ങളിൽ അഭിപ്രായങ്ങളും ശുപാർശകളും അറിയിക്കാൻ പോർട്ടലിലൂടെ ജനങ്ങൾക്ക് അവസരമുണ്ടാകും.
പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് ആധികാരികമായ നിയമ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെ രാജ്യത്തെ നിക്ഷേപ അന്തരീക്ഷവും ബിസിനസ് രംഗവും കൂടുതൽ ശക്തിപ്പെടുത്താൻ ഈ പദ്ധതി സഹായിക്കും. നീതിന്യായ മന്ത്രാലയം, സുപ്രീം ജുഡീഷ്യൽ കൗൺസിൽ, വാർത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയം, നാഷണൽ പ്ലാനിംഗ് കൗൺസിൽ, സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ, മന്ത്രിസഭാ ജനറൽ സെക്രട്ടറിയേറ്റ് എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
നീതിന്യായ മന്ത്രാലയത്തിന്റെ 2025-2030 തന്ത്രപ്രധാന പദ്ധതിയുടേയും ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായുള്ള ഡിജിറ്റൽ അജണ്ടയുടേയും പ്രധാന നാഴികക്കല്ലാണ് ഈ പ്രവർത്തനം.










