
ദോഹ: സാമൂഹിക പ്രതിജ്ഞാബദ്ധതാ പദ്ധതിയുടെ (Social Responsibility Project) ഭാഗമായി ഖത്തരി വിദ്യാർത്ഥികൾക്കായി സ്വകാര്യ സ്കൂളുകളിൽ 3000-ലധികം സൗജന്യ പഠന സീറ്റുകൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. യോഗ്യരായ സ്വദേശി കുടുംബങ്ങളിലെ കുട്ടികൾക്ക് അധിക സാമ്പത്തിക ബാധ്യതകളില്ലാതെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അംഗീകൃത വിദ്യാഭ്യാസ വൗച്ചറിന്റെ (Educational Voucher) തുകയ്ക്ക് തുല്യമായ ഫീസ് നിരക്കിലാണ് ഈ സീറ്റുകൾ ലഭ്യമാക്കുക. വൗച്ചർ തുകയേക്കാൾ കൂടുതലായി വരുന്ന തുക പദ്ധതിയിൽ പങ്കാളികളാകുന്ന സ്വകാര്യ സ്കൂളുകൾ തന്നെ വഹിക്കും. നിശ്ചിത സാമ്പത്തിക ബാധ്യതകൾ കഴിച്ചുള്ള മാസവരുമാനം 35,000 ഖത്തർ റിയാലിൽ കൂടാത്ത ഖത്തരി കുടുംബങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
സ്വകാര്യ സ്കൂളുകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സ്വദേശി വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. യോഗ്യരായ അപേക്ഷകർ മന്ത്രാലയത്തിന്റെ ‘മആരിഫ്’ (Maaref) പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.











