02:57am 01 September 2026
NEWS
ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ വരവേൽക്കാൻ 'ഫസ്റ്റ് സ്റ്റെപ്പ്' പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയവും റഫീഖും
31/08/2026  12:24 PM IST
nila
ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ വരവേൽക്കാൻ ഫസ്റ്റ് സ്റ്റെപ്പ് പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയവും റഫീഖും

ദോഹ: പുതിയ അധ്യയന വർഷത്തിൽ (2026-2027) പ്രൈമറി സ്കൂളുകളിലെത്തുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായി 'ഫസ്റ്റ് സ്റ്റെപ്പ്' (First Step) പദ്ധതിക്ക് തുടക്കം കുറിച്ച് ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. പ്രമുഖ ഡെലിവറി സർവീസ് കമ്പനിയായ 'റഫീഖു'മായി (Rafeeq) സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
​അൽ-റഷാദ് മോഡൽ ബോയ്‌സ് സ്കൂൾ, അൽ-ബയാൻ ഫസ്റ്റ് പ്രൈമറി ഗേൾസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സ്വാലിഹ് അൽ നുഐമിയും റഫീഖ് സി.ഇ.ഒ അബ്ദുള്ള താമർ അൽ ഹുമൈദിയും നേരിട്ടെത്തി വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
രാജ്യത്തെ 103 സർക്കാർ പ്രൈമറി സ്കൂളുകളിലായി പ്രവേശനം നേടിയ 10,700 ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പദ്ധതിയിലൂടെ സ്വാഗത സമ്മാനങ്ങളും പഠനോപകരണങ്ങളും നൽകും.കുട്ടികളുടെ മനസിൽ വിദ്യാലയത്തെക്കുറിച്ചുള്ള ആദ്യദിന ഓർമ്മകൾ സന്തോഷകരവും പ്രചോദനാത്മകവുമാക്കുക, സ്കൂൾ അന്തരീക്ഷവുമായി വേഗത്തിൽ പൊരുത്തപ്പെടാൻ സഹായിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.വിദ്യാഭ്യാസ മേഖലയും സമൂഹവും തമ്മിലുള്ള പങ്കാളിത്തവും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തവും (CSR) ഉയർത്തിക്കാട്ടുന്നതാണ് റഫീഖ് കമ്പനിയുമായുള്ള ഈ സംയുക്ത സംരംഭമെന്ന് അണ്ടർ സെക്രട്ടറി വ്യക്തമാക്കി.
​കുട്ടികളുടെ ജീവിതത്തിലെ സുപ്രധാനമായ ഈ ഘട്ടത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് റഫീഖ് സി.ഇ.ഒ അബ്ദുള്ള താമർ അൽ ഹുമൈദി പറഞ്ഞു. വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും #FirstStep എന്ന ഹാഷ്‌ടാഗോടെ പദ്ധതിക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img