
ദോഹ: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തദ്ദേശീയ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുമായി സമഗ്രമായ വികസന പദ്ധതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നതവിദ്യഭ്യാസ മന്ത്രാലയം. ഷൂറ കൗൺസിൽ തയ്യാറാക്കിയ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും നേട്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലാണ് ഭാവി പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയത്.ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക പരിശീലന കേന്ദ്രം, പുതിയ നഴ്സറികൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഖത്തറി പരിശീലകരെ ശാക്തീകരിക്കൽ തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ ഭിന്നശേഷിക്കാർക്ക് പ്രൊഫഷണൽ പരിശീലനം നൽകുന്നതിനായി പ്രത്യേക കേന്ദ്രം സ്ഥാപിക്കും. പ്രത്യേക വിദ്യാഭ്യാസ അധ്യാപകർക്കായി സ്ഥിരമായ പരിശീലന പരിപാടികളും സംഘടിപ്പിക്കും.സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഡേ-കെയർ നഴ്സറികൾ ആരംഭിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കിന്റർഗാർട്ടനുകളുടെ ശേഷി വർദ്ധിപ്പിക്കും.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾക്കായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം നിലവിൽ വരും. വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് സംവിധാനം പൂർണ്ണമായും ഇലക്ട്രോണിക് ആക്കും. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി 'വിദ്യാഭ്യാസ വൗച്ചറുകൾ' (Educational vouchers) അനുവദിക്കും.ട്രെയിനിങ് സെന്ററുകളിൽ ഖത്തറി പരിശീലകരുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കും. കൂടാതെ, തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ കണ്ടെത്തുന്നതിനായി 'റാസെദ്' (Rased) എന്ന ഡിജിറ്റൽ സംവിധാനം നടപ്പിലാക്കും.കുട്ടികളുടെ പഠനസൗകര്യം വർദ്ധിപ്പിക്കുന്നതിന് വിദ്യാഭ്യാസപരവും വിനോദപ്രദവുമായ പ്ലാറ്റ്ഫോം രൂപീകരിക്കും. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന തുടർച്ചയായ പഠന നയം (Continuous learning policy) പ്രോത്സാഹിപ്പിക്കും.
വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും തൊഴിൽ വിപണിയുടെ ഭാവി ആവശ്യങ്ങൾക്ക് അനുസൃതമായി പൗരന്മാരെ പ്രാപ്തരാക്കുന്നതിനുമാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്. മനുഷ്യവിഭവശേഷിയിലെ നിക്ഷേപമാണ് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന്റെ അടിത്തറയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.










