
ദോഹ:ഖത്തറിലെ വാണിജ്യ-നിക്ഷേപ അന്തരീക്ഷം കൂടുതൽ കാര്യക്ഷമവും ഡിജിറ്റലുമാക്കുന്നതിന്റെ ഭാഗമായി ഇ-കോമേഴ്‌സ് പ്രവർത്തനങ്ങൾക്ക് ലൈസൻസ് നൽകുന്ന പുതിയ സംവിധാനം പ്രഖ്യാപിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രാലയം പുറപ്പെടുവിച്ച 2026-ലെ 25-ാം നമ്പർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റർനെറ്റ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകൾക്ക് സംയോജിത ലൈസൻസ് നൽകുന്നത്.
ഡിജിറ്റൽ ഡിസൈനിംഗ്, വിവർത്തനം, ഫോട്ടോഗ്രാഫി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൺസൾട്ടിംഗും പരിഹാരങ്ങളും, ഫാഷൻ ഡിസൈനിംഗ് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 194 വ്യാവസായിക-സേവന മേഖലകൾക്കാണ് ഈ ഡിജിറ്റൽ ലൈസൻസ് ലഭ്യമാകുക. 500 റിയാലാണ് ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള പ്രാരംഭ നിരക്കായി വരുന്നത്.
ലൈസൻസിനായുള്ള അപേക്ഷകൾ മന്ത്രാലയത്തിന്റെ സിംഗിൾ വിൻഡോ (Single Window) പോർട്ടൽ വഴി പൂർണ്ണമായും ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷ അയച്ചുകഴിഞ്ഞാൽ പിൻവലിക്കാനോ റദ്ദാക്കാനോ സാധിക്കാത്തതിനാൽ ആവശ്യമായ രേഖകളും വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സമർപ്പിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിനും സംരംഭകർക്ക് സുഗമമായി ബിസിനസ്സ് ആരംഭിക്കുന്നതിനും പുതിയ നീക്കം വലിയ തോതിൽ കരുത്തേകും.










