
ദോഹ:കുടുംബമെന്ന കൊച്ചു സാമ്രാജ്യത്തിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുപാകാൻ പുതിയൊരു വസന്തവുമായി ഖത്തർ ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം. പുതുതലമുറയ്ക്ക് സുസ്ഥിരവും സന്തുഷ്ടവുമായ ദാമ്പത്യജീവിതത്തിന്റെ വഴികാട്ടിയാകാൻ ദഅ്വ-മതമാർഗ്ഗദർശന വകുപ്പിന്റെ വനിതാ വിഭാഗം ഒരുക്കിയ 'സകൻ' (കുടുംബക്കൂട്) ബോധവൽക്കരണ-പരിശീലന പരിപാടി സമൂഹത്തിൽ വലിയ ശ്രദ്ധ നേടുന്നു.
അതിവേഗം പായുന്ന ആധുനിക ലോകത്ത് കുടുംബബന്ധങ്ങളിലെ വിള്ളലുകൾ വാർത്തയാകാറുള്ള ഈ കാലഘട്ടത്തിൽ, പരസ്പര ധാരണയുടെയും കാരുണ്യത്തിന്റെയും പങ്കാളിത്തത്തിന്റെയും പുതിയൊരു ദാമ്പത്യ സംസ്കാരം വാർത്തെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മുൻവർഷങ്ങളിലെ വൻ വിജയത്തിന് ശേഷം, പ്രണയവും കരുതലുമൂറുന്ന അഞ്ചാം പതിപ്പാണ് ഈ വർഷം അരങ്ങേറിയത്.
വിവാഹപ്പന്തലിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന മണവാട്ടിമാർക്കായി ഒരുക്കിയ ഈ കൗതുകകരമായ കോഴ്സിൽ, വിവാഹിതരായ ഒട്ടനവധി സ്ത്രീകളും പങ്കാളികളായി. കേവലം ഉപദേശങ്ങൾക്കപ്പുറം പങ്കാളികളുടെ മതപരവും സാമൂഹികവും മനശാസ്ത്രപരവുമായ ബോധവൽക്കരണത്തിലൂടെ വലിയൊരു മാറ്റത്തിനാണ് ഈ പരിപാടി തുടക്കമിട്ടത്.










