
ദോഹ: ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ ഖലീഫയായ അബൂബക്കർ അൽ സിദ്ദീഖിന്റെ (റ) ഭരണവൈഭവത്തെയും പ്രവാചകചര്യയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും കുറിച്ചുള്ള പുസ്തകം ഖത്തർ ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സിന് കീഴിലുള്ള സയന്റിഫിക് ആൻഡ് കൾച്ചറൽ ഡെവലപ്മെന്റ് എൻഡോവ്മെന്റ് ഫണ്ടിന്റെ പിന്തുണയോടെയാണ് ഗ്രന്ഥം പുറത്തിറക്കിയിരിക്കുന്നത്.
ഡോ. ഹാമിദ് മുഹമ്മദ് അൽ ഖലീഫ രചിച്ച "ദി സ്റ്റാൻസ് ഓൺ ദി കാരക്ടറിസ്റ്റിക്സ് ആൻഡ് ഖിലാഫത്ത് ഓഫ് അബൂബക്കർ അൽ സിദ്ദീഖ്" എന്ന പുസ്തകം ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ആധികാരികമായ പഠനമാണ്.
പ്രവാചകന്റെ വിയോഗത്തിന് ശേഷം മുസ്ലിം ഉമ്മത്തിന്റെ ഐക്യം നിലനിർത്തുന്നതിലും ഇസ്ലാമിക രാഷ്ട്രത്തിന്റെ അടിത്തറ ശക്തമാക്കുന്നതിലും അബൂബക്കർ സിദ്ദീഖ് (റ) വഹിച്ച പങ്കും, അദ്ദേഹത്തിന്റെ വംശാവലി, സവിശേഷതകൾ, നേതൃപാടവം എന്നിവയും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ചരിത്രസംഭവങ്ങളെക്കുറിച്ചുള്ള ചില സംശയങ്ങൾക്കും ആക്ഷേപങ്ങൾക്കും കൃത്യമായ പ്രമാണങ്ങളുടെ വെളിച്ചത്തിൽ ഗ്രന്ഥകാരൻ മറുപടി നൽകുന്നു.സമൂഹത്തിൽ ശാസ്ത്രീയ-സാംസ്കാരിക-മതപരമായ അറിവുകൾ വ്യാപിപ്പിക്കുന്നതിനായി വഖഫ് ചെയ്ത വ്യക്തികളുടെ താല്പര്യപ്രകാരമാണ് ഈ പുസ്തകം അച്ചടിച്ചിറക്കിയിരിക്കുന്നത്. ഇത്തരം വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനായി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (awqaf.gov.qa) വഴിയോ ഹോട്ട്ലൈൻ നമ്പറുകൾ (66011160, 55199996) വഴിയോ പൊതുജനങ്ങൾക്ക് വഖഫ് ചെയ്യാവുന്നതാണെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു.











