
ദോഹ: രാജ്യത്തെ ജനസംഖ്യാപരവും നഗരപരവുമായ വളർച്ചയ്ക്ക് അനുസൃതമായി ആരാധനാലയ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, അൽ ദഖീറ പ്രദേശത്ത് നിർമ്മിച്ച 'ഹമദ് ഈസ അൽ ഹസൻ അൽ മുഹന്നദി' പള്ളി ഇസ്ലാമിക കാര്യ മന്ത്രാലയം (ഔഖാഫ്) തുറന്നുനൽകി.
ആയിഷ ബിൻത് മുഹമ്മദ് ബിൻ ഇബ്രാഹീം അൽ മുഹന്നദി എന്ന ജീവകാരുണ്യപ്രവർത്തകയുടെ വഖഫ് ഫണ്ടിൽ നിന്നാണ് പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 4,400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അത്യാധുനിക എഞ്ചിനീയറിംഗ് നിലവാരത്തിലും പരമ്പരാഗത ഇസ്ലാമിക് വാസ്തുവിദ്യയിലുമാണ് പള്ളി പണിതുയർത്തിയിരിക്കുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പള്ളികൾ, പ്രാർത്ഥനാ ഹാളുകൾ, ഇമാമുമാരുടെ വസതികൾ എന്നിവയുടെ നിർമ്മാണവും പരിപാലനവും ഉയർന്ന ഗുണനിലവാരത്തോടെ തുടർന്നുപോരുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾക്ക് അടുത്തുള്ള പള്ളികൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനായി ഔഖാഫ് വെബ്‌സൈറ്റിൽ ഡിജിറ്റൽ മാപ്പ് സൗകര്യവും ലഭ്യമാണ്.











