
ദോഹ: 'ഖത്തർ സുസ്ഥിരതാ വാരം 2026'ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ചകളിലെ ജുമഅ പ്രസംഗങ്ങളിലൂടെ സുസ്ഥിരതാ സന്ദേശമെത്തിച്ച് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം. വിഭവങ്ങൾ സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടതിന്റെയും അതിരുകവിഞ്ഞ ഉപഭോഗം ഒഴിവാക്കേണ്ടതിന്റെയും ഇസ്ലാമിക കാഴ്ചപ്പാട് വിശദീകരിച്ചാണ് മന്ത്രാലയത്തിന് കീഴിലുള്ള പള്ളി വകുപ്പ് ബോധവൽക്കരണം ശക്തമാക്കിയത്.സുസ്ഥിരതയും ഉത്തരവാദിത്തമുള്ള ഉപഭോഗ ശൈലിയും ഉൾക്കൊള്ളുന്ന രണ്ട് പ്രധാന വിഷയങ്ങളാണ് ജുമഅ ഖുതുബകളിൽ ഉൾപ്പെടുത്തിയത്.പണം ധൂർത്തടിക്കാതെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതിന്റെ അനിവാര്യതയും, വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ ദീർഘകാല നേട്ടം നൽകുന്ന രീതിയിൽ വിഭവങ്ങൾ വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു.വിഭവങ്ങൾ അനാവശ്യമായി പാഴാക്കാതെ മിതത്വം പാലിക്കാനും പശ്ചാത്തല സൗകര്യങ്ങളും അനുഗ്രഹങ്ങളും കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്യുന്ന ഇസ്ലാമിക നിർദ്ദേശങ്ങളിലൂന്നിയായിരുന്നു രണ്ടാമത്തെ പ്രസംഗം. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സഹകരണത്തോടെ 'ഇർശ്ന' കേന്ദ്രം സംഘടിപ്പിക്കുന്ന സുസ്ഥിരതാ വാരത്തിന്റെ 11-ാമത് പതിപ്പിൽ ഔഖാഫ് സജീവ പങ്കാളികളാണ്.
ഖത്തർ ദേശീയ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (NDS3) എന്നിവയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മതപരമായ ബോധവൽക്കരണത്തിന് വലിയ പങ്കുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും മതപരവും സാമൂഹികവുമായ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിക്കൊണ്ട് സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് പൊതുജന പിന്തുണ ഉറപ്പാക്കുകയാണ് ഈ സംരംഭത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.










