
ദോഹ:ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ (ഇ-മാലിന്യങ്ങൾ) ശാസ്ത്രീയമായും പരിസ്ഥിതി സൗഹൃദമായും സംസ്കരിക്കുന്നതിനായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ഇനി മുതൽ തങ്ങളുടെ കൈവശമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ കൈമാറാൻ അപേക്ഷ നൽകാം.പൊതുജനങ്ങൾക്ക് മന്ത്രാലയത്തിന്റെ പോർട്ടലിൽ പ്രവേശിച്ച് ഇലക്ട്രോണിക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൈമാറാൻ ഉദ്ദേശിക്കുന്ന മാലിന്യത്തിന്റെ തരം, അളവ്, അവ ശേഖരിക്കേണ്ട സ്ഥലം എന്നിവ അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തണം. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലൈസൻസുള്ള കമ്പനികൾ അപേക്ഷകരുടെ പക്കലെത്തി മാലിന്യങ്ങൾ ശേഖരിക്കും.
ശേഖരിക്കുന്ന മാലിന്യങ്ങൾ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും മറ്റ് സാധാരണ മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ച് പ്രത്യേകമായി സംസ്കരിക്കുകയും ചെയ്യും. ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഹെവി മെറ്റലുകൾ, ബാറ്ററികൾ എന്നിവ മണ്ണിലും വായുവിലും കലരുന്നത് തടയാൻ ആധുനിക രീതിയിലുള്ള സംസ്കരണം അനിവാര്യമാണെന്ന് ഇൻഡസ്ട്രിയൽ ഇൻസ്പെക്ഷൻ ആൻഡ് പൊല്യൂഷൻ കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. മുഹമ്മദ് ആയേദ് അൽ ഷമ്മരി പറഞ്ഞു.ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി രാജ്യം ലക്ഷ്യമിടുന്ന സുസ്ഥിര വികസന പദ്ധതികൾക്ക് കരുത്തുപകരുന്നതാണ് ഈ നീക്കം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിതമായ ഉപയോഗവും അവ വേഗത്തിൽ മാറ്റുന്ന പ്രവണതയും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരമൊരു ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിൽ ഓരോ വ്യക്തിയുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.










