
ദോഹ: ഖത്തറിലേക്ക് വരുന്നവരും രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവരുമായ യാത്രക്കാർ കൈയ്യിൽ കരുതുന്ന ഏതെല്ലാം മരുന്നുകൾക്കാണ് ഇലക്ട്രോണിക് സംവിധാനം വഴി മുൻകൂർ അനുമതി ആവശ്യമായതെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. നാർക്കോട്ടിക്, സൈക്കോട്രോപ്പിക് (മനോരോഗ ചികിത്സയുമായി ബന്ധപ്പെട്ടവ) വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ കൈവശം വെക്കുന്നവർക്കാണ് ഇ-സിസ്റ്റം വഴി അനുമതി പത്രം നിർബന്ധമാക്കിയിട്ടുള്ളത്. എന്നാൽ മറ്റ് സാധാരണ മരുന്നുകൾക്ക് ഇത്തരത്തിൽ രജിസ്ട്രേഷൻ ആവശ്യമില്ലെന്നും മന്ത്രാലയം എക്സ് (X) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വിശദീകരണ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
വ്യക്തിഗത ആവശ്യങ്ങൾക്കായി മരുന്നുകൾ കൊണ്ടുവരുന്നവർക്ക് യാത്രക്ക് മുൻപായി അനുമതിക്ക് അപേക്ഷിക്കാനും അപേക്ഷയുടെ നിലവിലെ വിവരങ്ങൾ അറിയാനും അനുമതി പത്രം ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ കൈപ്പറ്റാനും സഹായിക്കുന്നതാണ് മന്ത്രാലയം പുതുതായി ആരംഭിച്ച പോർട്ടൽ.
ദേശീയ ഓതെന്റിക്കേഷൻ സിസ്റ്റം (National Authentication System) വഴി മന്ത്രാലയത്തിന്റെ പോർട്ടലിൽ പ്രവേശിച്ച് ആവശ്യമായ രേഖകളും സാധുതയുള്ള മെഡിക്കൽ പ്രിസ്ക്രിപ്ഷനും (Medical Prescription) സമർപ്പിച്ചാണ് ഇ-പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകൾ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് പരിശോധിച്ച് നിലവിലുള്ള നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായാണ് പെർമിറ്റുകൾ അനുവദിക്കുന്നത്.
അപേക്ഷിക്കാനുള്ള ലിങ്ക്: https://fli.moph.gov.qa/?lang=ar











