
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതല്ലല്ലോയെന്ന് മന്ത്രി വി എൻ വാസവൻ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രി വി എൻ വാസവന്റെ പരാമർശം. ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയനീക്കമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. വിമാനാപകടമുണ്ടായാൽ പ്രധാനമന്ത്രി രാജിവെക്കണം എന്നാണോ ഉദ്ദേശിക്കുന്നതെന്നും വാസവൻ ചോദിച്ചു.
'ബെംഗളൂരുവിൽ ക്രിക്കറ്റ് താരങ്ങൾക്കായി നടത്തിയ സ്വീകരണപരിപാടി 11 പേരുടെ മരണത്തിനിടയാക്കി. ആ പരിപാടി സംഘടിപ്പിച്ച ഏതെങ്കിലും മന്ത്രി രാജിവെക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടോ? അഹമ്മദാബാദിൽവിമാനാപകടം ഉണ്ടായി, ഉടൻ പ്രധാനമന്ത്രി രാജിവെക്കണം എന്നാണോ പറയുന്നത്? ഒരു വാഹനാപകടം ഉണ്ടായാൽ ഉടൻ ഗതാഗതമന്ത്രി രാജിവെക്കണോ? ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയനീക്കമാണ്'.
'ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ. കെട്ടിടത്തിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് അപകടം മുന്നിൽക്കണ്ട് അത് ഒഴിവാക്കാൻ വേണ്ട നടപടികൾ കാലേക്കൂട്ടി സ്വീകരിച്ചിരുന്നു. എന്നാൽ പ്രവർത്തനങ്ങൾ പൂർണമാകുന്നതിന് മുൻപ് അപകടം സംഭവിച്ചു. ഉണ്ടായ സംഭവം നിർഭാഗ്യകരമാണ്, വേദനാജനകമാണ്. അതിൽ എല്ലാവർക്കും വിഷമമുണ്ട്. അതിന്റെ പരിഹാരം കാണണം. അതിനുള്ള ചർച്ചകൾ നടക്കുകയാണ്,' മന്ത്രി വി എൻ വാസവൻ പറഞ്ഞു.








