
അസോസിയേഷൻ ഓഫ് പ്ലാൻ്റേഴ്സ് ഓഫ് കേരള എൺപത്തിയേഴാം വാർഷിക പൊതുയോഗം മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു. എ പി കെ വൈസ് ചെയർമാൻ ഫിലിപ്പ് സി ജേക്കബ്, ചെയർമാൻ ടി ആർ രാധാകൃഷ്ണൻ, ഉപാസി വൈസ് പ്രസിഡൻ്റ് അനിൽ മാത്യു, എ പി കെ സെക്രട്ടറി ബി കെ അജിത് എന്നിവർ സമീപം.
കൊച്ചി: ഒരിഞ്ച് ഭൂമി പോലും നഷ്ടപരിഹാരം നൽകാതെ ഏറ്റെടുക്കില്ല.പരിസ്ഥിതി ദുർബല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആശങ്കകൾ പ്രചരിപ്പിക്കരുതെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ.അസോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള (എപികെ) എൺപത്തിയേഴാമത് വാർഷിക പൊതുയോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനംമന്ത്രി. ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ച് നിൽക്കുന്നു. കഴിഞ്ഞ 6 വിജ്ഞാപനങ്ങൾ ഇറങ്ങിയപ്പോഴും ഇല്ലാതിരുന്ന ആശങ്ക ഏഴാമത് വിജ്ഞാപനം ഇറങ്ങിയപ്പോൾ എങ്ങനെ വന്നുവെന്നും മന്ത്രി ചോദിച്ചു. മൈനിംഗ് പാടില്ല, 20,000 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള ടൗൺഷിപ്പ് പാടില്ല, റെഡ് കാറ്റഗറി വ്യവസായങ്ങൾ പാടില്ല തുടങ്ങിയ 3 നിബന്ധനകൾ മാത്രമാണ് വിജ്ഞാപനത്തിലുള്ളത്. ഇതിൽ മൂന്നാമത്തേതിൽ മാത്രമാണ് നാല് ഉപവിഭാഗങ്ങളിൽ ജനവാസ മേഖലയെ കുറച്ചെങ്കിലും ബാധിക്കുന്നത്. അവരെ സംരക്ഷിക്കാൻ ഇവിടെ ഒരു സർക്കാരുണ്ട്. കാലാവസ്ഥാ വ്യതിയാനം ഭീതികരമായി വർധിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണം അവഗണിക്കാൻ കഴിയില്ല. മനുഷ്യ - വന്യ ജീവി ഘർഷത്തിന് കാലാകാലങ്ങളായി മനുഷ്യർ ചെയ്ത ചില മണ്ടത്തരങ്ങളും കാരണമാണ്. വന്യമൃഗങ്ങളെ ആകർഷിക്കാൻ ഉപ്പ് വയ്ക്കുന്ന റിസോർട്ടുകൾ പോലുമുണ്ട്. മനുഷ്യ - വന്യമൃഗ സംഘർഷം നേരിടാൻ സി എം സി നയം സർക്കാർ നടപ്പാക്കും. കണ്ടയ്ൻമെൻ്റ്, മിറ്റിഗേഷൻ, കോംപൻസേഷൻ എന്നതാണ് സർക്കാർ നയം. സ്വാഭാവിക വനം വീണ്ടെടുക്കാനും പുൽമേടുകൾ വച്ച് പിടിപ്പിക്കാനും വനാതിർത്തിയിൽ എ ഐ ടൂളുകൾ ഉപയോഗിച്ച് പ്രതിരോധ സംവിധാനം ഏർപ്പെടുത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. നഷ്ടപരിഹാരം ഗണ്യമായി വർധിപ്പിച്ച് സമയബന്ധിതമായി കർഷകർക്ക് കൈമാറും. വൈവിധ്യ വിള, മൂല്യവർധന, ടൂറിസം സാധ്യതകൾ എന്നിവയ്ക്ക് സർക്കാർ അനുകൂലമാണ്. ഇനി ഒരിഞ്ച് ഭൂമി പോലും സെക്ഷൻ 3 പ്രകാരം നഷ്ടപരിഹാരം നൽകാതെ ഏറ്റെടുക്കില്ലന്നും മന്ത്രി പ്രഖ്യാപിച്ചു.
കേരളത്തിലെ പ്ലാന്റേഷൻ മേഖലയിൽ ഉത്പാദന ചെലവ് വർധിക്കുകയാണെന്നും തൊഴിലാളികളുടെയോ കൂലിയുടെയോ മേൽ അധികഭാരം ചുമത്താതെ വൈവിധ്യവത്കരണത്തിലൂടെ ഇത് മറികണക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് എപികെ ചെയർമാൻ ടി ആർ രാധാകൃഷ്ണൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. അഗ്രോ ഫോറസ്ട്രി, മൂല്യവര്ധന, ബ്രാൻഡിംഗ്, പ്ലാന്റേഷൻ ടൂറിസം എന്നിവയിലൂടെ പ്ലാന്റേഷൻ മേഖലയെ വളർച്ചയിലേക്ക് നയിക്കാൻ കഴിയും. പരിസ്‌ഥിതി ദുർബല പ്രദേശ വിജ്ഞാപനവും വരാനിരിക്കുന്ന ഭൂപരിഷ്കരണവും അടക്കമുള്ള ഭൂവിനിയോഗ കാര്യങ്ങളിൽ സർക്കാരുമായി ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് മേഖലയുൾപ്പെടെയുള്ള പ്രധാന വിപണികളിലേക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ ലോജിസ്റ്റിക് മാർഗങ്ങൾ കണ്ടെത്തുന്നതിനെ കുറിച്ച് വ്യവസായ തലത്തിൽ തന്നെ തുറന്ന ചർച്ച ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാട്ടുമൃഗങ്ങൾ വിളകൾ നശിപ്പിക്കുമ്പോൾ മോട്ടോർ ഇൻഷുറൻസ് മാതൃകയിൽ നഷ്ടപരിഹാര പദ്ധതി കൊണ്ടുവരണമെന്ന് എപികെ വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.ഉത്പാദന ചെലവ്, കാലാവസ്ഥാ വ്യതിയാനം, മനുഷ്യ - വന്യ ജീവി സംഘർഷം തുടങ്ങി ഒട്ടേറെ വെല്ലുവിളികളിലുടെയാണ് തോട്ടം മേഖല കടന്ന് പോകുന്നതെന്ന് വിശിഷ്ടാതിഥിയായിരുന്ന ഉപാസി വൈസ് പ്രസിഡൻ്റ് അനിൽ മാത്യു പറഞ്ഞു. വൈവിധ്യവത്കരണത്തിലൂടെയും സുസ്ഥിര നടപടികളിലൂടെയും ഈ വെല്ലുവിളികൾ മറികടക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യവത്കരണത്തിനായി അനുവദിച്ചിട്ടുള്ള ഭൂമി 5 ശതമാനത്തിൽ നിന്ന് 30 ശതമാനമായി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യ - വന്യ ജീവി സംഘർഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം. പരിസ്ഥിതി ദുർബല പ്രദേശ അന്തിമ വിജ്ഞാപനത്തിൽ പ്ലാൻ്റേഷനുകളും കൃഷിഭൂമിയും ഇ എസ് എ പരിധിക്ക് പുറത്ത് നിലനിർത്തണമെന്നും അനിൽ മാത്യു ആവശ്യപ്പെട്ടു. എപികെ സെക്രട്ടറി ബി കെ അജിത് പ്രസംഗിച്ചു.എപികെ വൈസ് ചെയർമാൻ ഫിലിപ്പ് സി ജേക്കബ് സ്വാഗതവും നിർവാഹക സമിതിയംഗം അജയ് ജോൺ ജോർജ് നന്ദിയും പറഞ്ഞു.
Photo Courtesy - Google









