
ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. കോടതിയിൽ നിന്ന് വിസിൽ ബ്ലോവർ പരിരക്ഷ നേടി മുഖംമൂടി ധരിച്ചെത്തി സ്ഫോടനാത്മകമായ വെളിപ്പെടുത്തൽ നടത്തിയ ആളുടെ പിന്നിൽ വൻ ഗൂഡ സംഘമുണ്ടെന്നാണ് തെളിയുന്നത്. പണം വാങ്ങി വിദഗ്ദ പരിശോധന നേടിയ ശേഷമാണത്രെ അയാൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം നാടകീയമായ രീതിയിൽ വെളിപ്പെടുത്തൽ നടത്തിയതും എസ് ഐടി യെ സഹായിക്കുന്നതായി അഭിനയിച്ചതും. വെളിപ്പെടുത്തലുകാരന്റെ ഐഡന്റിറ്റി വെളിപ്പെട്ടിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞതോടെ അയാളുടെ ബന്ധങ്ങളും പുറത്തുവരികയാണ്. ഒരു ഗവണ്മെന്റിനെ തന്നെ അതി വിദഗ്ദമായി കബളിപ്പിച്ച അയാൾ എസ് ഐ ടി കസ്റ്റഡിയിലാണ്. പോലീസിൽ പരാതി നൽകുമ്പോൾ അയാൾ ഒരു തലയോട്ടിയും ഹാജരാക്കിയിരുന്നു. താൻ കുഴിച്ചുമൂടിയ സ്ത്രീകളിൽ ഒരാളുടെ തലയോട്ടിയാണെന്നും വെളിപ്പെടുത്തുന്നത് സത്യമാണെന്ന് തെളിയിക്കാനായി കുഴിച്ചെടുത്തതാണെന്നുമാണ് അയാൾ പറഞ്ഞിരുന്നത്. എന്നാൽ ആ തലയോട്ടി ഒരു പുരുഷന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. അത് കുഴിച്ചെടുത്തതല്ലെന്നും മറ്റൊരാൾ തന്നതാണെന്നും സമ്മതിച്ചതോടെ അയാളെ എസ് ഐ ടി അറസ്റ്റുചെയ്തു. അയാൾ ചൂണ്ടിക്കാട്ടിയ ഇടങ്ങളിൽ നിന്നൊന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടുകുട്ടിയിരുന്നില്ല. ധർമ്മസ്ഥല ക്ഷേത്രപരിസരത്ത് നിരവധി സ്ത്രീകളെ ബലാൽസംഗം ചെയ്ത് കുഴിച്ചുമൂടിയിട്ടുണ്ടെന്ന് ഇയാളെ ഉദ്ധരിച്ച് ആദ്യം പൊതുസമൂഹത്തെ അറിയിച്ചത് സമീർ എം ഡി എന്ന യൂട്യൂബറാണ്. എ ഐയുടെ സഹായത്തോടെ നിർമ്മിച്ച വീഡിയോയാണ് സമീർ പുറത്തുവിട്ടതെന്ന് വ്യക്തമാവുകയും ചെയ്തു. മുൻകൂർ ജാമ്യം നേടിയ സമീറിനെ പോലീസ് ചോദ്യം ചെയ്തുവരുന്നു. ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. സംഭവത്തെ പറ്റി എൻ ഐ എ അന്വേഷിക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നുണ്ട്. കർണാടകത്തിലെ കോൺഗ്രസുകാരനായ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും എൻ ഐ എ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതോടെ ധർമ്മസ്ഥലവിവാദം മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
Photo Courtesy - Google











