01:24pm 05 September 2026
NEWS
വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ
05/09/2026  11:58 AM IST
ചെറുകര സണ്ണിലൂക്കോസ്
വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

 

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അധികാരത്തിന്‍റെ ഉന്നതപീഠങ്ങളേക്കാൾ അധ്യാപനത്തിന്‍റെ നന്മയിൽ വിശ്വസിച്ച മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ സ്മരണ പുതുക്കിയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സുകുമാർ അഴീക്കോട്, ഒഎൻവി കുറുപ്പ്, എംജിഎസ്. നാരായണൻ, പ്രൊഫ. എം. ലീലാവതി തുടങ്ങിയ കേരളത്തിന്‍റെ പൊതുമണ്ഡലത്തിൽ ചോദ്യം ചെയ്യാനും കലഹിക്കാനും തിരുത്താനുമുള്ള ആർജവം പകർന്നുനൽകിയ പ്രഗല്ഭരായ അധ്യാപകരെയും അദ്ദേഹം അനുസ്മരിച്ചു. എന്നാൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഭരണഘടനാ മൂല്യങ്ങൾ മറന്ന് വിഭജന അജണ്ടകൾ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ലെന്നും, അക്കാദമിക് സ്വയംഭരണത്തെ ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുന്നിൽ അടിയറവ് വെക്കുന്നത് വിദ്യാഭ്യാസ മേഖലയോടുള്ള അനീതിയാണെന്നും റോജി എം. ജോൺ കുറ്റപ്പെടുത്തി. ജാതിപ്പേര് വിളിച്ച് വിദ്യാർത്ഥികളെ അപമാനിക്കുന്നതുപോലെയുള്ള നെഗറ്റീവ് പ്രവണതകളും അധ്യാപനത്തിന്റെ അന്തസ്സത്ത തിരിച്ചറിയാത്തവരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിവേചനമില്ലാതെ വിദ്യാർത്ഥികളെ ചേർത്തുപിടിക്കുകയാണ് അധ്യാപകരുടെ പ്രഥമ ചുമതലയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img