10:52pm 12 September 2026
NEWS
നിർമിത ബുദ്ധിയുടെ കാലത്തും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് വലിയ ഉത്തരവാദിത്വം മന്ത്രി റോജി എം ജോൺ
12/09/2026  07:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിർമിത ബുദ്ധിയുടെ കാലത്തും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് വലിയ ഉത്തരവാദിത്വം മന്ത്രി റോജി എം ജോൺ
HIGHLIGHTS

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പുതുതായി സി എ നേടിയവരുടെ കോൺവൊക്കേഷൻ ചടങ്ങ് ഗോകുലം കൺവെൻഷൻ സെൻ്ററിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു. ദിപിൻ ദിവ്യകുമാർ, ജോളി സ്റ്റീഫൻ, ജോബി ജോർജ്ജ്, ബാബു അബ്രഹാം കള്ളിവയലിൽ, ദീപ വർഗ്ഗീസ്, രൂപേഷ് രാജഗോപാൽ, ബീന ബീഗം, ആനന്ദ് എ എസ് എന്നിവർ സമീപം

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പുതുതായി സി എ നേടിയവരുടെ കോൺവൊക്കേഷൻ ചടങ്ങ് ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്‌ഘാടനം ചെയ്തു.

നിർമിത ബുദ്ധിയുടെ വ്യാപനം നിരവധി തൊഴിലുകളിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെങ്കിലും ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ നിയമപരമായ ഉത്തരവാദിത്വവും തന്ത്രപരമായ ബിസിനസ് ഉപദേശവും മനുഷ്യബുദ്ധിക്ക് മാത്രമുള്ള പ്രധാന മേഖലയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

ജി എസ് ടിയുടെ വരവും രാജ്യത്തെ വളർന്നുവരുന്ന വിപണിയും ബിസിനസ് മേഖലയുമെല്ലാം യോഗ്യതയുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചാലും സ്ഥാപനങ്ങളിൽ ജോലി ചെയ്താലും പ്രൊഫഷണൽ ചുമതലകൾ ഉത്തരവാദിത്വത്തോടെ നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ അതിവേഗം മാറുന്ന സാഹചര്യത്തിൽ നിർമിത ബുദ്ധി, ഡിജിറ്റൽ സാങ്കേതികവിദ്യ, മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിലെ മാറ്റങ്ങൾ മനസ്സിലാക്കി അവ സ്വായത്തമാക്കേണ്ടത് അനിവാര്യമാണ്. യോഗ്യത നേടിയതോടെ പഠനം അവസാനിപ്പിക്കാതെ നിയമങ്ങളിലും ബിസിനസ് മേഖലയിലും ഉണ്ടാകുന്ന മാറ്റങ്ങൾ നിരന്തരം പഠിക്കുകയും അതനുസരിച്ച് സ്വയം നവീകരിക്കുകയും വേണം. മാറുന്ന തൊഴിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്കും ബിസിനസ് പങ്കാളികൾക്കും മികച്ച പരിഹാരങ്ങൾ നൽകാൻ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് കഴിയണം. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിലോ ഒഴിവാക്കുന്നതിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ നികുതി നിയമങ്ങൾ പാലിക്കുന്നതിൽ സർക്കാരിനെ സഹായിക്കുകയെന്നത് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. 

ഐ സി എ ഐ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും കോൺവൊക്കേഷൻ കോർഡിനേറ്ററുമായ ബാബു അബ്രഹാം കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. എസ് ഐ ആർ സി ട്രഷറർ ദീപ വർഗ്ഗീസ് പ്രസംഗിച്ചു.

ഇന്ത്യയിലെ 23 കേന്ദ്രങ്ങളിൽ കോൺവൊക്കേഷൻ ചടങ്ങ് നടന്നു. കേരളത്തിൽ നിന്നും മുന്നൂറോളം വിദ്യാർഥികളാണ് ബിരുദം നേടിയത്. വിദ്യാർഥികൾക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ കൈമാറി.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img