
തിരുവനന്തപുരം: കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യമായി വിചാരണ ചെയ്ത സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ പേരിൽ ആരും നിയമം കൈയിലെടുക്കാൻ പാടില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്താൻ പൊലീസിന് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
കുറ്റ്യാടിയിൽ നടന്ന സംഭവം ചൂണ്ടിക്കാട്ടി ഓപ്പറേഷൻ തൂഫാൻ സംസ്ഥാനമൊട്ടാകെ സമാന രീതിയിലാണെന്ന് വിലയിരുത്തരുതെന്നും മന്ത്രി വ്യക്തമാക്കി. നിരപരാധികളായ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മയക്കുമരുന്ന് വ്യാപാരത്തിലും ഉപയോഗത്തിലും ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാഹനമിടിച്ച ശേഷം നിർത്താതെ പോയെന്നാരോപിച്ച് യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തിയ ആൾക്കൂട്ടം, ഇവരുടെ കൈവശം ലഹരിമരുന്നുണ്ടെന്ന ആരോപണവുമായി പരസ്യവിചാരണ നടത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവം പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന വിമർശനം ഉയർന്നിട്ടും ഇതുവരെ കേസെടുത്തിട്ടില്ല. മർദനമേറ്റതായി പറയപ്പെടുന്നവർ പരാതി നൽകാത്തതിനാൽ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. ഇതിനിടെയാണ് വിഷയത്തിൽ കർശന നടപടി ഉണ്ടാകുമെന്ന സൂചന നൽകി ആഭ്യന്തര മന്ത്രി രംഗത്തെത്തിയത്.










