09:55am 13 November 2026
NEWS
കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി ഉടനടി പിൻവലിക്കണമെന്ന് വിസി ഡോ: സിസാ തോമസിനോട് മന്ത്രി ആർ. ബിന്ദു
04/07/2025  05:34 PM IST
സുരേഷ് വണ്ടന്നൂർ
കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ  നടപടി ഉടനടി പിൻവലിക്കണമെന്ന് വിസി ഡോ: സിസാ തോമസിനോട് മന്ത്രി ആർ. ബിന്ദു
HIGHLIGHTS

വിസി യുടെ നടപടി ബാഹ്യ സമ്മർദ്ദത്തിലെന്നും, ചട്ട വിരുദ്ധമെന്നും കത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി

മന്ത്രി വിസി ക്ക് നിർദ്ദേശം നൽകുന്നത് അനുചിതമെന്ന് ആക്ഷേപം

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി അധികാരപരിധി ലംഘിച്ചാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഈ നടപടി അടിയന്തിരമായി പിൻവലിക്കാൻ വൈസ് ചാൻസലർ ഡോ സിസാ തോമസിന് നിർദേശം നൽകി പ്രോ ചാൻസലർ കൂടിയായ മന്ത്രി കത്തയച്ചു. വൈസ് ചാൻസലർക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമില്ലെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

  കേരള സർവകലാശാല നിയമം 1974 അനുസരിച്ച്, രജിസ്ട്രാർ സിൻഡിക്കേറ്റ് നിയമിക്കുന്ന ഉദ്യോഗസ്ഥനാണ്. അച്ചടക്ക നടപടികളും സസ്പെൻഷൻ ഉത്തരവുകളും പുറപ്പെടുവിക്കാൻ സിൻഡിക്കേറ്റിന് മാത്രമാണ് അധികാരമെന്നും മന്ത്രി കത്തിൽ വ്യക്തമാക്കി.
സസ്‌പെൻഡ് ചെയ്യേണ്ട അടിയന്തിര നടപടി ആവശ്യമായ ഒരു സാഹചര്യവും സർവ്വകലാശാലയിൽ നിലവിലുണ്ടായിരുന്നില്ലെന്നും, വൈസ് ചാൻസലറുടെ നടപടി പുറമെ നിന്നുള്ള സമ്മർദ്ദത്താലാണെന്ന് ന്യായമായും അനുമാനിക്കാമെന്നും മന്ത്രി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  ഈ നടപടി സർവകലാശാലയുടെയും ഉന്നതവിദ്യാഭ്യാസ മേഖലയുടെയും താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു.

എന്നാൽ മന്ത്രി വിസി ക്ക് നിർദ്ദേശം നൽകിയ നടപടി സർവ്വകലാശാല നിയമങ്ങൾക്ക് വിരുദ്ധമാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img