
നൂറ്റാണ്ടുകൾക്ക് മുൻപുള്ള കാലഹരണപ്പെട്ട കാഴ്ചപ്പാടുകൾ ഇപ്പോഴും ഉന്നയിക്കുന്നത് കഷ്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സ്കൂളുകളിലെ സുംബ ഡാൻസിന് എതിരെ എസ്വൈഎസ് നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ രൂക്ഷവിമർശനം. സ്കൂളുകളിലെ സുംബ ഡാൻസിൽ നിന്ന് സർക്കാർ പിന്നോട്ടുപോകില്ലെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.
മതസംഘടനകളുടെ എതിർപ്പ് സർക്കാരിനെ സ്വാധീനിക്കില്ലെന്ന് മന്ത്രി പറഞ്ഞു. എതിർക്കുന്നവർ ഒറ്റപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലഹരണപ്പെട്ട തരത്തിലുള്ള പല കാര്യങ്ങളും കൂടുതൽ കരുത്തോടെ കൊണ്ടുവരാൻ ഓരോ ശക്തികൾ ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. മനുഷ്യത്വപരമായ പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.
മനുഷ്യൻ എന്ന് പറഞ്ഞാൽ പുരുഷൻ മാത്രമല്ല, സ്ത്രീയും അതിൽ ഉൾപ്പെടുന്നു. അവരും ഈ ലോകത്തിന്റെ അവകാശികളാണെന്നും മന്ത്രി ആർ.ബിന്ദു കൂട്ടിച്ചേർത്തു.











