08:59am 09 November 2026
NEWS
എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
16/04/2025  06:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

കേരളത്തിൽ നിന്നുള്ള ആദ്യ വിമാന കമ്പനിയായ എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. ആലുവ മെട്രോ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കോർപറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി ജോൺ, ആലുവ മുനിസിപ്പൽ ചെയർമാൻ എം ഒ ജോൺ, വൈസ് ചെയർപേഴ്സൺ സൈജി ജോളി, ഇൻ്റർനാഷണൽ ബിസിനസ് പ്രൊമോഷൻസ് (IPA) വൈസ് ചെയർമാനും കിൽട്ടൻസ് ബിസിനസ് സെറ്റപ് സിഎംഡിയുമായ റിയാസ് കിൽട്ടൻ, സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ഐപിഎ മൊമെൻ്റോ റിയാസ് കിൽട്ടൻ എയർ കേരള സാരഥികൾക്ക് സമ്മാനിച്ചു.

കൊച്ചി വിമാനത്താവളം രാജ്യത്തിന് മാതൃക ആയതുപോലെ എയർ കേരളയും മാതൃകയാകട്ടെയെന്ന് മന്ത്രി രാജീവ് പറഞ്ഞു. പുതുതായി തുടങ്ങുന്ന എയർ കേരളക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും മന്ത്രി പറഞ്ഞു. തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ എയർ കേരള ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി, ലീഗൽ കൺസൾട്ടന്റ് സിഎസ് ആഷിഖ്, കാപ്പിറ്റൽ കൺസൾട്ടന്റ് ശ്രീജിത് കുനിയിൽ എന്നിവർ പങ്കെടുത്തു.

മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന അത്യാധുനിക പരിശീലന സൗകര്യങ്ങളുള്ള വിശാലമായ സമുച്ചയമാണ് കോർപ്പറേറ്റ് ഓഫീസ്. ഒരേ സമയം 200-ലധികം വ്യോമയാന മേഖലയിലെ വിദഗ്ധർക്ക് ജോലി ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഓഫീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ 750 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് എയർ കേരള ലക്ഷ്യമിടുന്നത്.

എയർ കേരളയുടെ ആദ്യ വിമാനം 2025 ജൂണിൽ കൊച്ചിയിൽ നിന്ന് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ അഫി അഹമ്മദ് അറിയിച്ചു. എയർ കേരള കുറഞ്ഞ നിരക്കിൽ വിമാന സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. തുടക്കത്തിൽ അഞ്ച് വിമാനങ്ങൾ പാട്ടത്തിന് വാങ്ങുന്നതിന് എയർലൈൻ ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു. കൂടാതെ ഭാവിയിൽ സ്വന്തമായി വിമാനം വാങ്ങാൻ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു.

ദക്ഷിണ- മധ്യേന്ത്യയിലെ ചെറുപട്ടണങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് എയർ കേരള സർവീസ്. 72 സീറ്റർ ഇക്കോണമി ക്ലാസ്സ് എടിആർ വിമാനങ്ങളായിരിക്കും എയർലൈൻ ഉപയോഗിക്കുകയെന്നു അധികൃതർ അറിയിച്ചു.

 “കേരളത്തിന്റെ പേര് വാനോളം ഉയർത്തി ലോകോത്തര നിലവാരത്തിലേക്ക് എയർ കേരളയെ കൊണ്ട് വരിക എന്നതാണ് നമ്മുടെ വലിയൊരു ലക്ഷ്യം. അതിനായി പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള നേതൃ നിരയാണ് എയർ കേരളയിലേക്ക് എത്തിയത്. സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഒരു അൾട്രാ ലോ കോസ്റ്റ്  എയർലൈൻ ആയി ആണ് എയർ കേരള ജനങ്ങളിലേക്ക് എത്തുന്നത്.” ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു.

 “കേരളത്തിൻ്റെ സാമ്പത്തിക, തൊഴിൽ, ടൂറിസം മേഖലകളുടെ ഉയർച്ചയ്ക്ക് എയർ കേരളയുടെ വരവ് ഒരു വലിയ സംഭാവന നൽകും.  പ്രവാസി മലയാളികൾ ഉൾപ്പെടെ ഇന്ത്യയിലും  പുറത്തും ഉള്ള നമ്മുടെ എല്ലാവർക്കും എയർ കേരളയുടെ സേവനം വേഗത്തിൽ എത്തിക്കുക എന്നതോടൊപ്പം എല്ലാവർക്കും വിമാന യാത്ര സാധ്യമാക്കുക എന്ന ഒരു ലക്ഷ്യത്തിന് എയർ കേരള  എന്നും ഊന്നൽ നൽകുന്നുണ്ട്.” വൈസ് ചെയർമാൻ അയൂബ് കല്ലട പറഞ്ഞു.

 “'സ്മാർട്ടായി പറക്കുക, കുറച്ച് ചെലവാകുക, സമയത്ത് എത്തുക’ എന്നതാണ് ഞങ്ങളുടെ വാഗ്ദാനം. ശക്തമായ ഒരു ടീമിന്റെ പിന്തുണയും ദീർഘകാല ദർശനവുമാണ് നമ്മെ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ എയർലൈൻ ആക്കുന്നത്. ഇത് തുടക്കം മാത്രമാണ്.” സിഇഒ ഹരീഷ് കുട്ടി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img