06:31pm 08 August 2026
NEWS
സവർക്കറെ പുകഴ്ത്തിയ വിവാദ ക്വിസ്; അന്വേഷണത്തിന് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ; കുറ്റക്കാർക്കെതിരെ കർശന നടപടി
08/08/2026  05:05 PM IST
nila
സവർക്കറെ പുകഴ്ത്തിയ വിവാദ ക്വിസ്; അന്വേഷണത്തിന് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ; കുറ്റക്കാർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: കാസർകോട് ജില്ലയിലെ സ്കൂളുകളിൽ നടത്തിയ വിവാദ ‘ഫ്രീഡം ക്വിസ്’ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി നിർദേശിച്ചത്. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ ഓഗസ്റ്റ് ആറിനാണ് ‘ഫ്രീഡം ക്വിസ്’ സംഘടിപ്പിച്ചത്. എന്നാൽ ഈ പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉൾപ്പെട്ടിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പ്രാദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങൾ തയ്യാറാക്കി ക്വിസ് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പോ സാമൂഹ്യശാസ്ത്ര ക്ലബ്ബോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ചരിത്രപരമായ വസ്തുതകളുടെ പിൻബലമില്ലാത്ത തെറ്റായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

വിവാദമായ ചോദ്യാവലിയിൽ സ്വാതന്ത്ര്യസമര സേനാനിയായ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യവും ഉൾപ്പെട്ടിരുന്നു. ‘ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് സവർക്കറുടെ പേരാണ് ഉത്തരമായി നൽകിയിരുന്നത്.

സംഭവത്തിൽ കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോട് റിപ്പോർട്ട് തേടിയിരുന്നു. വിവാദ ചോദ്യാവലിക്കെതിരെ എംഎസ്എഫും രംഗത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ചും നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img