
“ഇത് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല” — എം.ബി. രാജേഷ്
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന ചരിത്രപരമായ പ്രഖ്യാപനത്തിന് കേരളം ഒരുങ്ങുമ്പോൾ, അതിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയരുകയാണ്. ഈ പദ്ധതിക്ക് ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന അവകാശവാദത്തെ തള്ളി മന്ത്രി എം ബി രാജേഷ് രംഗത്തെത്തി. ഇന്ത്യ മുഴുവൻ അതിദാരിദ്ര്യമുക്തമായിട്ട് മോദിക്ക് ക്രെഡിറ്റെടുക്കാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതിദാരിദ്ര്യം നിർമാർജനം ചെയ്തു എന്നാണ് അവകാശവാദമെന്നും മന്ത്രി വ്യക്തമാക്കി. ദാരിദ്ര്യം നിർമാർജനം ചെയ്തു എന്നല്ല അതിനർത്ഥമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇതുവരെ ഒരു സർക്കാർ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവരാണ് ഉൾപ്പെട്ടത്. അതിജീവനം തന്നെ അസാധ്യമായവരെയാണ് സർക്കാർ ലക്ഷ്യമിട്ടതെന്നും മന്ത്രി പറഞ്ഞു.
“ഇത് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല. ആദ്യ മന്ത്രിസഭാ യോഗം മുതൽ ഈ പദ്ധതി ആസൂത്രിതമായ രീതിയിലാണ് നടപ്പാക്കിയത്. മാർഗ്ഗരേഖ വായിച്ചിരുന്നെങ്കിൽ ഇത്തരമൊരു സംശയം ഉണ്ടാവുമായിരുന്നില്ല. അതി ദാരിദ്ര്യം ഇല്ലാതാക്കലാണ്, ദാരിദ്ര്യം തന്നെ ഇല്ലാതാക്കൽ അല്ല. “ഇത് നിഗൂഢമായി ചെയ്തതല്ല; എല്ലാ ഘട്ടങ്ങളിലും പൂർണ്ണമായ പരസ്യമായ പ്രക്രിയയാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി.











