
ബ്രഹ്മപുരത്ത് ബി.പി.സി.എൽ. സ്ഥാപിച്ച കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി.) പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് സംസാരിക്കുന്നു.
ബ്രഹ്മപുരത്തെ ദുരന്തപൂർണ്ണമായ തീപിടുത്തത്തെ ഒരവസരമാക്കി മാറ്റിക്കൊണ്ട് കേരളം മാലിന്യമുക്തമായ പുതിയൊരു യുഗത്തിലേക്ക് കടക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരളത്തിലെ ആദ്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റിൻ്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. പരിഹാസങ്ങളെയും വിവാദങ്ങളെയും അതിജീവിച്ച് ബ്രഹ്മപുരത്തെ മാലിന്യമലകൾ 90 ശതമാനവും നീക്കം ചെയ്തതായും, വരും വർഷങ്ങളിൽ 'ഡംപ് സൈറ്റുകൾ' ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
2023 മാർച്ചിലുണ്ടായ ബ്രഹ്മപുരം തീപിടുത്തം കേരളത്തെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു. പതിറ്റാണ്ടുകളായി അടിഞ്ഞുകൂടിയ ഒമ്പത് ലക്ഷം മെട്രിക് ടണ്ണിലധികം മാലിന്യത്തിനാണ് അന്ന് തീപിടിച്ചത്. 12 ദിവസം നീണ്ടുനിന്ന കഠിനപ്രയത്നത്തിനൊടുവിലാണ് പുകയും തീയും അണയ്ക്കാനായത്. അന്ന് നിയമസഭയിൽ നൽകിയ ഉറപ്പുപ്രകാരം ബ്രഹ്മപുരത്തെ പൂങ്കാവനമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കർശനമായി തടഞ്ഞും ബയോമൈനിംഗ് കാര്യക്ഷമമാക്കിയും വലിയൊരു ഭൂപ്രദേശം കളിസ്ഥലങ്ങൾക്കും ചെടികൾക്കും അനുയോജ്യമായ നിലയിൽ വീണ്ടെടുക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ് മന്ത്രി പറഞ്ഞു.
കൊച്ചിയിലേത് ഒരു തുടക്കം മാത്രമാണ്. സംസ്ഥാനത്തുടനീളം ഏഴ് സി.ബി.ജി പ്ലാന്റുകൾ ഉടൻ യാഥാർത്ഥ്യമാകും. പാലക്കാട് രണ്ടാമത്തെ പ്ലാന്റ് രണ്ട് മാസത്തിനകം ഉദ്ഘാടനം ചെയ്യും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിർമ്മാണം. കൊല്ലം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും പ്ലാന്റുകൾ വരികയാണ്. ഇതോടെ ഖരമാലിന്യ സംസ്കരണത്തിൽ കേരളം പൂർണ്ണമായ മാറ്റത്തിന് സാക്ഷ്യം വഹിക്കും. ബി.പി.സി.എല്ലിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതികൾ മുന്നോട്ട് പോകുന്നതെന്നും മന്ത്രി അറിയിച്ചു.
ശുചിത്വ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഇന്ന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്. യുണൈറ്റഡ് നേഷൻസിന്റെ 'സീറോ വേസ്റ്റ് നഗരങ്ങളുടെ' ആഗോള പട്ടികയിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക നഗരം വർക്കലയാണ്. കൂടാതെ, കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് സർവേ റാങ്കിംഗിൽ ആദ്യ നൂറ് വൃത്തിയുള്ള നഗരങ്ങളിൽ കൊച്ചി ഉൾപ്പെടെ എട്ടെണ്ണം കേരളത്തിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഹരിതകർമ്മസേനയുടെ പ്രവർത്തനം ലോകത്തെ തന്നെ വലിയൊരു കാലാവസ്ഥാ സംരക്ഷണ പ്രവർത്തനമായാണ് വിദഗ്ധർ വിലയിരുത്തുന്നത്. 1.52 ലക്ഷം ടൺ മാലിന്യമാണ് കഴിഞ്ഞ വർഷം സേന ശേഖരിച്ചത്. അടുത്ത ആറുമാസത്തിനുള്ളിൽ സാനിറ്ററി മാലിന്യ സംസ്കരണത്തിൽ കേരളം പൂർണ്ണമായ സ്വയംപര്യാപ്തത കൈവരിക്കും. ഇതിനായി കണ്ണൂർ, പാലക്കാട്, ബ്രഹ്മപുരം, കൊല്ലം എന്നിവിടങ്ങളിൽ നാല് പ്ലാന്റുകളുടെ നിർമ്മാണം നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
Photo Courtesy - Google











