07:36pm 14 November 2026
NEWS
സഹകരണ മേഖലയെ നവീകരിക്കും മന്ത്രി എം. ലിജു
14/11/2026  05:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സഹകരണ മേഖലയെ നവീകരിക്കും മന്ത്രി എം. ലിജു

സാമ്പത്തിക വളർച്ചയ്ക്കൊപ്പം സാമൂഹിക ഉത്തരവാദിത്വവും ഉയർത്തിപ്പിടിച്ച് കേരളത്തിന്റെ സഹകരണ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാനും ആധുനികവത്കരിക്കാനും സമഗ്ര പദ്ധതികളുമായി സംസ്ഥാന സർക്കാർ. സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും പ്രൊഫഷണലിസവും ഉറപ്പാക്കുന്നതിനൊപ്പം നിക്ഷേപ സുരക്ഷ ശക്തിപ്പെടുത്തുകയും അടിസ്ഥാന സൗകര്യ വികസനത്തിൽ സഹകരണ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുമെന്ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക ദർശനത്തിനൊപ്പം സാമൂഹിക ദർശനം കൂടി ഉൾക്കൊള്ളുമ്പോഴാണ് സഹകരണ പ്രസ്ഥാനം അതിന്റെ യഥാർഥ ലക്ഷ്യം കൈവരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ നിർണായക സ്വാധീനമുള്ള സഹകരണ മേഖല ഗ്രാമീണ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഏകദേശം എട്ടു ശതമാനം സംഭാവന ചെയ്യുന്ന ഈ മേഖല സാധാരണക്കാരുടെ സാമ്പത്തികവും സാമൂഹികവുമായ മുന്നേറ്റത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്. 20,000-ത്തിലധികം സഹകരണ സംഘങ്ങൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നുണ്ട്. 

സഹകരണ മേഖലയിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീം കൂടുതൽ വിപുലീകരിക്കും. നിലവിൽ ഏകദേശം 4,000 സഹകരണ സംഘങ്ങൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. നിക്ഷേപം സ്വീകരിക്കാൻ യോഗ്യതയുള്ള മുഴുവൻ സംഘങ്ങളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. നിക്ഷേപ പ്രതിസന്ധി നേരിടുന്ന സംഘങ്ങൾക്കും ഗ്യാരണ്ടി സ്കീമിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ പദ്ധതിയിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന കോമൺ സോഫ്റ്റ്‌വെയർ സംവിധാനം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി. കൃത്യമായ ഓഡിറ്റിങ്ങിനും പ്രവർത്തനങ്ങളുടെ ഏകോപനത്തിനും ഈ സംവിധാനം സഹായകമാകും. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമതയും വിശ്വാസ്യതയും വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സഹകരണ സംഘങ്ങളുടെ സാമ്പത്തിക ശേഷി വികസന പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിനുള്ള പുതിയ മാതൃകയും സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാതൃകയാണ് ഇതിൽ പ്രധാനം. വൈദ്യുതി മേഖലയുൾപ്പെടെയുള്ള വികസന പദ്ധതികളിൽ സഹകരണ സ്ഥാപനങ്ങളുടെ നിക്ഷേപം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്നുണ്ട്. സാധാരണക്കാരുടെ നിക്ഷേപമായതിനാൽ സാമ്പത്തികമായി ലാഭകരവും മികച്ച വരുമാനസാധ്യതയുള്ളതുമായ പദ്ധതികൾക്ക് മാത്രമായിരിക്കും മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ സാധ്യതകൾ വിലയിരുത്തുന്നതിനായി റൗണ്ട് ടേബിൾ കോൺഫറൻസും പഠനപ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

സഹകരണ സംഘങ്ങൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന ആശ്വാസ പദ്ധതിയുടെ ഭാഗമായി 70,000-ത്തിലധികം അപേക്ഷകൾ തീർപ്പാക്കുകയും 400 കോടി രൂപ സഹകരണ സംഘങ്ങളിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു. സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും അവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഇത്തരം പദ്ധതികൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സഹകരണ മേഖലയെ കൂടുതൽ സുതാര്യവും ജനകീയവും പ്രൊഫഷണലുമായ സംവിധാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. സഹകരണ പ്രസ്ഥാനത്തിന്റെ സാമ്പത്തിക കരുത്ത് വികസന പ്രവർത്തനങ്ങളിലേക്ക് കൂടി എത്തിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വളർച്ചയിൽ കൂടുതൽ സജീവ പങ്കാളിത്തം ഉറപ്പാക്കാനാകും. ഗ്രാമീണ മേഖലയുടെ സാമ്പത്തിക പുരോഗതിക്കും സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹകരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രവർത്തനങ്ങൾക്കപ്പുറം സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ജനകീയ പ്രസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ സഹകരണ മേഖലയുടെ സാധ്യതകൾ വിപുലമാണെന്നും സാമ്പത്തികവും സാമൂഹികവുമായ മുന്നേറ്റം ഒരുപോലെ ലക്ഷ്യമിട്ട് ഈ മേഖലയെ പുതിയ കാലഘട്ടത്തിനനുസരിച്ച് വളർത്തുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img