
തിരുവനന്തപുരം: എക്‌സൈസ് വകുപ്പിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും അഴിമതിക്കും എതിരെ കർശന നിലപാട് തുടരുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. ഉദ്യോഗസ്ഥൻ എത്ര ഉന്നത പദവിയിലിരിക്കുന്നയാളായാലും വീഴ്ച കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കോട്ടയത്ത് മാസപ്പടി വാങ്ങിയെന്ന പരാതിയെ തുടർന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടി സ്വീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ശക്തമായ മുന്നറിയിപ്പുകൾ പലതവണ നൽകിയിട്ടും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായതായി മന്ത്രി പറഞ്ഞു. കോട്ടയത്ത് നിന്ന് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനയും തുടർനടപടികളും സ്വീകരിച്ചത്. കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
എക്‌സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ‘സീറോ ടോളറൻസ്’ നയമാണ് സർക്കാർ പിന്തുടരുന്നതെന്ന് മന്ത്രി പറഞ്ഞു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ അംഗീകരിക്കുകയും അഴിമതിയിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. വകുപ്പിനുള്ളിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനു പിന്നാലെ എക്‌സൈസ് വകുപ്പും എക്‌സൈസ് വിജിലൻസും ചേർന്നാണ് നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മയക്കുമരുന്നിന്റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അഴിമതിമുക്തമായ എക്‌സൈസ് സംവിധാനം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ സുരക്ഷയ്ക്കും പുരോഗതിക്കും ശക്തമായ എക്‌സൈസ് സംവിധാനം ആവശ്യമാണ്. അതിനാൽ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.
ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ പഴുതടച്ച രീതിയിലായിരിക്കണമെന്നത് സർക്കാരിന്റെ നിർദേശമാണെന്നും മന്ത്രി പറഞ്ഞു. കുറ്റം തെളിയുന്നവർക്കെതിരെ ശിക്ഷ ഉറപ്പാക്കുന്ന തരത്തിലായിരിക്കും തുടർനടപടികളെന്നും എം. ലിജു വ്യക്തമാക്കി.










