04:32am 18 August 2026
NEWS
പിഎം ശ്രീ അറബിക്കടലില്ല, അഴുക്കുചാലിൽ കളയണമെന്ന് കെ.എം. ഷാജി
16/08/2026  05:45 PM IST
nila
പിഎം ശ്രീ അറബിക്കടലില്ല, അഴുക്കുചാലിൽ കളയണമെന്ന് കെ.എം. ഷാജി

കണ്ണൂർ: പിഎം ശ്രീ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. പദ്ധതി വലിച്ചെറിയേണ്ടത് അറബിക്കടലിലല്ല, അഴുക്കുചാലിലാണെന്നും ഇതിൽ തനിക്ക് അഭിപ്രായവ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത സാഹചര്യത്തിൽ തനിക്ക് മാത്രമായി തീരുമാനമെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ വകുപ്പിന്റെ ചുമതലയായിരുന്നെങ്കിൽ പിഎം ശ്രീ പദ്ധതി തടയുമായിരുന്നുവെന്നും ഷാജി പറഞ്ഞു. കണ്ണൂരിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച ‘ഫ്രീഡം ടോക്ക്’ പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം.

യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ കരാർ അറബിക്കടലിൽ കളയുമെന്ന ഷാജിയുടെ മുൻ പരാമർശം നേരത്തെ വലിയ ചർച്ചയായിരുന്നു. ഇതിൽനിന്ന് മന്ത്രി പിന്നോട്ടുപോയെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിശദീകരണം.

‘വൈരാഗ്യബുദ്ധിയോടെ കരാറിൽനിന്ന് ഇറങ്ങാനാകില്ല’

സംസ്ഥാനം ഒപ്പുവച്ച കരാറിൽനിന്ന് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പെട്ടെന്ന് പിന്മാറാൻ കഴിയില്ലെന്ന് ഷാജി വ്യക്തമാക്കി. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര പദ്ധതികളുടെ കാര്യത്തിൽ മുൻ എൽഡിഎഫ് സർക്കാരിന്റെ നിലപാടും മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ പേരും ചിത്രവും സർക്കാർ ആശുപത്രികളിൽ പ്രദർശിപ്പിച്ചില്ലെങ്കിൽ ഫണ്ട് നൽകില്ലെന്ന നിലപാട് ആദ്യം എതിർത്ത എൽഡിഎഫ് സർക്കാർ പിന്നീട് നിബന്ധന അംഗീകരിച്ച് ഫണ്ട് വാങ്ങിയെന്നും ഷാജി പറഞ്ഞു.

കോൺഗ്രസ് ഭരണകാലത്തും ഇന്ദിരാ വികാസ് യോജന ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പിഎം ശ്രീ പദ്ധതിയെ അത്തരം പദ്ധതികളുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഷാജി പറഞ്ഞു.

കേരളത്തിന്റെ സ്വന്തം സംസ്കാരത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ചുള്ള പാഠ്യപദ്ധതിയാണ് സംസ്ഥാനത്തിനുള്ളത്. അതിന് അനുയോജ്യമായ കാര്യങ്ങൾ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img