12:43am 12 November 2025
NEWS
കുട്ടനാട് സഫാരി ലോകടൂറിസത്തില്‍ പാതിരാമണലിനെ അടയാളപ്പെടുത്തും മന്ത്രി കെ ബി ഗണേഷ് കുമാര്‍
04/11/2025  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുട്ടനാട് സഫാരി ലോകടൂറിസത്തില്‍ പാതിരാമണലിനെ  അടയാളപ്പെടുത്തും മന്ത്രി കെ ബി ഗണേഷ് കുമാര്‍

ലോകടൂറിസത്തില്‍ പാതിരാമണലിനെയും ആലപ്പുഴയെയും കുട്ടനാടന്‍ സഫാരി അടയാളപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാന ജലഗതാഗത വകുപ്പ് നടപ്പിലാക്കുന്ന കുട്ടനാട് സഫാരി പദ്ധതിയുടെ ആദ്യഘട്ടമായി പാതിരാമണല്‍ ദ്വീപില്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ ആംഫി തീയറ്ററിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണോദ്ഘാടനം ഓൺലൈനായി നിര്‍വഹിക്കുകയായിരുന്നു  മന്ത്രി. 

ഗള്‍ഫ് രാജ്യങ്ങളില്‍ കണ്ടുവരുന്ന സഫാരി യാത്രയുടെ മോഡലിലാണ് പദ്ധതി നടപ്പിലാക്കുന്നത്.  ഇതൊരുമാറ്റത്തിന്റെ തുടക്കമാണ്. ടൂറിസത്തില്‍ ഏറ്റവും വലിയ ആകര്‍ഷണമായി കുട്ടനാടന്‍ സഫാരി മാറും.  പദ്ധതിയിലൂടെ  തൊഴില്‍ സാധ്യതയേറും.  പദ്ധതിയോട് അനുബന്ധിച്ച് ടൂറിസം ബോട്ട് സര്‍വീസ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

അനന്തമായ ടൂറിസം സാധ്യതയ്ക്ക് വഴിയൊരുങ്ങുന്ന പദ്ധതി ആലപ്പുഴക്ക് ലഭിച്ച വലിയ സമ്മാനമാണെന്ന് ചടങ്ങിൽ ഓണ്‍ലൈനായി ആധ്യക്ഷം വഹിച്ച്  കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.  ദുബായിലെ ഡെസേര്‍ട്ട് സഫാരിയുടെ മാതൃകയില്‍ കുട്ടനാട് മേഖലയില്‍ ടൂറിസം, ഗതാഗതം, പ്രാദേശിക വികസനം എന്നീ ഘടകങ്ങള്‍ ഏകോപിപ്പിച്ചാണ് സഫാരി പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ഈ ആംഫി തീയറ്റര്‍ പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.  പദ്ധതിയുടെ ഭാഗമായി പാതിരാമണല്‍ ദ്വീപില്‍ വിനോദ-സാംസ്‌കാരിക പരിപാടികളും പ്രാദേശിക കലാരൂപങ്ങളും അവതരിപ്പിക്കാനും സൗകര്യമൊരുക്കും. 

 കൊച്ചിൻ സ്മാർട്ട്‌ മിഷൻ ലിമിറ്റഡ്  ഓഫീസില്‍ നടന്ന ചടങ്ങില്‍ . മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു, ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ വാര്‍ഡ് മെമ്പര്‍ ലൈലാ ഷാജി, മുഹമ്മ പഞ്ചായത്ത് സെക്രട്ടറി എം പി മഹീധരന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ആനന്ദ് സമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img