08:56pm 02 November 2026
NEWS
അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സമഗ്ര ഇടപെടലിന് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം
02/11/2026  06:49 PM IST
സണ്ണി ലുക്കോസ്
അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സമഗ്ര ഇടപെടലിന് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം
HIGHLIGHTS

അട്ടപ്പാടിയിലെ ശിശു മരണങ്ങൾ ഒഴിവാക്കാൻ സമഗ്ര ഇടപെടലുമായി ആരോഗ്യവകുപ്പ്. 

അട്ടപ്പാടിയിൽ ഇന്നലെ എത്തിയ മന്ത്രി  കെ. മുരളീധരൻ അട്ടപ്പാടിയിലെ സ്ഥിതി നേരിട്ട് കണ്ടറിഞ്ഞു. ആരോഗ്യപ്രവർത്തകരുമായും പ്രാദേശിക ജനപ്രതിനിധികളുമായും അദ്ദേഹം സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമായ അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകിയത്. പോഷകാഹാരവും ശിശു പരിചരണവും ഉറപ്പാക്കുന്നതിനൊപ്പം മതിയായ ആരോഗ്യ സംവിധാനങ്ങൾ അടിയന്തരഘട്ടത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിലവിലുള്ള തസ്തികകൾക്ക് പുറമെ കൂടുതൽ  വിദഗ്ധ ഡോക്ടർമാരെ നിയമിക്കുമെന്ന് ആരോഗ്യ -ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. ശിശുരോഗ വിദഗ്ധർ, സ്ത്രീരോഗ വിദഗ്ധർ  അനസ്തേഷ്യോളജിസ്റ്റ് എന്നിവരടങ്ങുന്ന വിദഗ്ധ ഡോക്ടർമാരെയാണ് നിയമിക്കുക. നവജാതശിശു പരിചരണം, എമർജൻസി ഓപ്പറേഷൻ തിയേറ്റർ എന്നിവ ഉൾപ്പെടുന്ന പുതിയ ബ്ലോക്ക് നബാർഡിന്റെ സഹായത്തോടെ നിർമ്മിക്കും. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സന്ദർശിച്ച ശേഷം അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയും കോട്ടത്തറ ട്രൈബൽ  സ്പെഷ്യാലിറ്റി ആശുപത്രിയും സ്പോക് ആൻഡ് ഹബ് രീതിയിൽ പ്രവർത്തിക്കും. രണ്ട് ആശുപത്രികളിലെയും ശിശുരോഗ വിദഗ്ധർ തമ്മിൽ ആശയവിനിമയം നടത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനം.  തൃശ്ശൂർ മെഡിക്കൽ കോളേജിലെ റേഡിയോളജിസ്റ്റിന്റെ സേവനം എല്ലാ ആഴ്ചയിലും കോട്ടത്തറ ആശുപത്രിയിൽ ഉറപ്പുവരുത്തി കൊണ്ട് റേഡിയോളജി വിഭാഗം ശക്തമാക്കും. പീഡിയാട്രിക് ആംബുലൻസ് സംവിധാനം ഉറപ്പുവരുത്തും. തൃശ്ശൂർ മെഡിക്കൽ കോളേജുമായി ചേർന്ന് നിയോനാറ്റൽ പീഡിയാട്രിക് ഡിപ്പാർട്ട്മെന്റ് വിപുലമാക്കും. ഫീൽഡ് സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിക്കുമെന്നും മൊബൈൽ മെഡിക്കൽ യൂണിറ്റ് സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

പട്ടികജാതി -പട്ടികവർഗ വകുപ്പ് നടപ്പിലാക്കുന്ന ജനനി ജന്മ രക്ഷാ പദ്ധതിയുടെ ഭാഗമായി  2000 രൂപ നൽകുന്നതിന് പകരം ഗർഭിണികൾക്ക്  പാകം ചെയ്ത ഭക്ഷണം നൽകുന്ന കാര്യം പരിഗണിക്കും. ഇക്കാര്യം വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്യും. 

 അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
 
ജില്ലാ കളക്ടർ സുധീർ.കെ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.  കെ ബിന്ദു തോമസ്, എൻ.എച്ച്.എം ട്രൈബൽ ഹെൽത്ത് നോഡൽ  ഡോ. വിദ്യ.ആർ.വിജയൻ, അട്ടപ്പാടിയിലെ ശിശു മരണങ്ങളെ കുറിച്ച് പഠിക്കാൻ ആരോഗ്യ വകുപ്പ്  വിദഗ്ധ സമിതി അംഗങ്ങളായ സംസ്ഥാന ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. ഹരികുമാർ, ദേശീയ ആരോഗ്യദൗത്യത്തിന്റെ മാതൃ-ശിശു ആരോഗ്യ നോഡൽ ഓഫീസർ ഡോ. ജോയ് ജോൺ, ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലിപ്സി പോൾ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി സൂപ്രണ്ട്   ഡോ. റിയാസ്.ഐ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജനറ്റിക്സ്  വിഭാഗം പ്രൊഫസർ ഡോ. ശങ്കർ വി.എച്ച്., പീഡിയാട്രിക് കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ. ലക്ഷ്മി എസ്, പീഡിയാട്രിക് ഗ്യാസ്ട്രോ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.പ്രശാന്ത് കെ.എസ്., തൃശൂർ മെഡിക്കൽ കോളേജിലെ നിയോനാറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഫെബി ഫ്രാൻസിസ്, കൊല്ലം മെഡിക്കൽ കോളേജിലെ ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. നെറ്റോ ജോർജ്, തൃശൂർ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രശ്മി. സി.ആർ,കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ,  അഗളി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. രേഷ്മ, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img