10:59pm 05 November 2026
NEWS
എന്‍എസ്എസ് സ്ഥാപനങ്ങള്‍ പൊതുമേഖലയ്ക്കു സമാനമെന്ന് മന്ത്രി കെ. മുരളീധരന്‍
പത്മശ്രീ ആയുര്‍വേദ ക്ലിനിക്ക് ശൃംഖലക്ക് പന്തളത്ത് തുടക്കം.ആദ്യഘട്ടത്തില്‍ സംസ്ഥാനത്താകെ 100 ഫ്രാഞ്ചൈസികള്‍ ആരംഭിക്കും

05/11/2026  08:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എന്‍എസ്എസ് സ്ഥാപനങ്ങള്‍ പൊതുമേഖലയ്ക്കു സമാനമെന്ന് മന്ത്രി കെ. മുരളീധരന്‍ പത്മശ്രീ ആയുര്‍വേദ ക്ലിനിക്ക് ശൃംഖലക്ക് പന്തളത്ത് തുടക്കം.ആദ്യഘട്ടത്തില്‍ സംസ്ഥാനത്താകെ 100 ഫ്രാഞ്ചൈസികള്‍ ആരംഭിക്കും

പത്തനംതിട്ട : എന്‍.എസ്.എസ് സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് പൊതുമേഖലസ്ഥാപനങ്ങളുടെ ഗുണംചെയ്യുന്നുവെന്ന് മന്ത്രി കെ. മുരളീധരന്‍. മന്നം ആയുര്‍വേദ കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന 'പത്മശ്രീ ആയുര്‍വേദ ക്ലിനിക്ക്' ശൃംഖല പദ്ധതിയും ആശുപത്രി വികസന പദ്ധതിയും പന്തളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍വേദ ചികിത്സാ രംഗത്ത് മന്നം മെഡിക്കല്‍ കോളജിന്റെ മികച്ച പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. ഇതേമാതൃകയില്‍ അലോപ്പതി രംഗത്തേയ്ക്കു കൂടി എന്‍.എസ്.എസ് കടന്നുവരികയാണെങ്കില്‍ സര്‍ക്കാര്‍ തുടങ്ങുന്നതിനു തുല്യമായ അനുഭവമായിരിക്കും ജനങ്ങള്‍ക്കു ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആയുര്‍വേദ തെറാപ്പിസ്റ്റുകളുടെ എണ്ണം വളരെ കുറവാണ്. ഈ രംഗത്ത് ലാഭത്തില്‍ നടക്കുന്ന സ്ഥാപനങ്ങള്‍ ചുരുക്കമാണ്. ടൂറിസം രംഗത്ത് ആയുര്‍വേദം വെറും പേരിനു വേണ്ടിയല്ല. പ്രഫഷണലിസത്തില്‍ വെള്ളം ചേര്‍ക്കാതെ പ്രവര്‍ത്തിച്ചാല്‍ ഫലമുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് പദ്ധതിയില്‍ സംസ്ഥാനത്ത് ആയുര്‍വേദ യൂണിവേഴ്‌സിറ്റി ആരംഭിക്കുന്ന പദ്ധതി പരിഗണനയിലുണ്ട്. ഇൗ വിഷയത്തില്‍ സമവായത്തിലൂടെ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.പദ്ധതിയുടെ ഭാഗമായി പന്തളം ടൗണില്‍ തുടങ്ങിയ പത്മശ്രീ ആയുര്‍വേദ മാകൃതാ ക്ലിനിക്കും മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രസിഡന്റും മന്നം ആയുര്‍വേദ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ചെയര്‍മാനുമായ ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സി.വി. ശാന്തകുമാര്‍ എം എൽ എ, പന്തളം നഗരസഭാധ്യക്ഷ എം.ആര്‍. കൃഷ്ണകുമാരി, മന്നം മെഡിക്കല്‍ കോളജ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. തുളസീധരന്‍ നായര്‍, ബോര്‍ഡ് മെമ്പര്‍മാരായ എം. സംഗീത്കുമാര്‍, പന്തളം ശിവന്‍കുട്ടി, ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് കെ. പ്രദീപന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആയുര്‍വേദ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വനിതാ ശാക്തീകരണത്തിനും പ്രധാന്യം നല്‍കുന്ന പദ്ധതി കോപ്പറേറ്റീവ് മെഡിക്കല്‍ കോളജില്‍ നിന്ന് പഠിച്ചിറങ്ങിയ ആയുര്‍വേദ ബിരുദധാരികളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തുടനീളം 100 ക്ലിനിക്കുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ ആരംഭിക്കും.  പദ്ധതിയിലൂടെ ആയുര്‍വേദ ചികിത്സാ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വനിതകള്‍ക്ക് സംരംഭകത്വ അവസരങ്ങള്‍ ഒരുക്കുന്നനതിനും സഹായകരമാകുമെന്ന്  മന്നം ആയുര്‍വേദ കോ ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജ് എം  ഡി ഡോ. കെ. തുളസീധരൻ നായര്‍ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img