
മൂന്നാമത് അന്താരാഷ്ട്ര ഊർജ്ജമേള ഓൺലൈനായി ഉദ്ഘാടനം ചെയ്തു
ജനകീയ കൂട്ടായ്മകളിലൂടെയും നവീന സാങ്കേതികവിദ്യകളിലൂടെയും ഹരിതാപവും കാർബൺ രഹിതവുമായ ഒരു കേരളം കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഊർജ്ജ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, സുസ്ഥിരമായ ഊർജ്ജ മാതൃകകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ നാം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. പനങ്ങാട് കുഫോസ് കാമ്പസിൽ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഊർജ്ജ മേള ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
'എംപവർ, എനർജി ഫ്യൂച്ചർ' എന്ന പ്രമേയത്തിൽ നടക്കുന്ന മേളയുടെ പ്രധാന ആകർഷണം ഗ്രീൻ എക്സ്പോയാണ്. ഇലക്ട്രിക് വാഹനങ്ങളും സൗരോർജ്ജ ഉത്പന്നങ്ങളും ഉൾപ്പെടെയുള്ള നവീന സാങ്കേതികവിദ്യകൾ നേരിട്ട് കണ്ടു മനസ്സിലാക്കാൻ സാധാരണക്കാർക്ക് അവസരമുണ്ട്.
ഗൃഹസ്ഥർക്കും സന്ദർശകർക്കുമായി 'ഇ-കുക്കിംഗ്' പരിശീലന സെഷനുകൾ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. അടുക്കളകളിൽ സുരക്ഷിതമായും ലാഭകരമായും വൈദ്യുതി ഉപയോഗിക്കുന്നത് ഊർജ്ജ ശീലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ നേതൃത്വത്തിൽ ബോയിലർ സുരക്ഷ, ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ, ബാറ്ററി സ്റ്റോറേജ് എന്നിവയിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകളും നടക്കുന്നുണ്ട്. ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട്, ആറ്റോമിക് എനർജി റിപ്പയേഴ്സ് അസോസിയേഷൻ തുടങ്ങിയവയുടെ സഹകരണത്തോടെ നടക്കുന്ന പാനൽ ചർച്ചകളും സെമിനാറുകളും മേളയുടെ വൈജ്ഞാനിക മൂല്യം വർദ്ധിപ്പിക്കുന്നു.
പ്രൊഫസർ വി.കെ. ദാമോദരന്റെ സ്മരണാർത്ഥം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന പ്രൊജക്റ്റ് എക്സ്പോയിൽ 14 ജില്ലകളിലെ എനർജി ക്ലബ്ബുകളിൽ നിന്നുള്ള നൂതന കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. യുവതലമുറയെ സൃഷ്ടിപരമായ ചിന്തകളിലേക്ക് നയിക്കാൻ ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കെ ബാബു എംഎൽഎ അധ്യക്ഷനായി. ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ ഡോ ആർ. ഹരികുമാർ, കുഫോസ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എ ബിജു കുമാർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ജോയിൻ്റ് ഡയറക്ടർ അനിൽ കുര്യാക്കോസ്, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ ടി സന്തോഷ്, എനർജി മാനേജ്‌മെന്റ് സെന്റർ കേരള ഹെഡ് ഓഫ് സെക്ഷൻ ജോൺസൺ ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു.
സാങ്കേതികവിദ്യയെ സാധാരണക്കാരിലേക്ക് അടുപ്പിക്കുന്ന ഗ്രീൻ എക്‌സ്‌പോയിൽ ഊർജ്ജക്ഷമതയുള്ള ഗൃഹോപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, സൗരോർജ്ജ സംവിധാനങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങൾക്കും സംരംഭകർക്കും പ്രയോജനപ്പെടുന്ന 'ഇ-കുക്കിംഗ്' പരിശീലനവും, രാജ്യാന്തര ഏജൻസികളും ബാർക് മുൻ ശാസ്ത്രജ്ഞരും നയിക്കുന്ന ആണവോർജ്ജം, വാഹന സുരക്ഷ തുടങ്ങിയ വിഷയങ്ങളിലുള്ള വിദഗ്ധ ചർച്ചകളുമാണ് മേളയുടെ പ്രധാന സവിശേഷതകൾ. ഫെബ്രുവരി 9 ന് മേള അവസാനിക്കും.
Photo Courtesy - Google











