03:35am 13 November 2026
NEWS
മന്ത്രിയെ ഭാര്യ കണ്ടത് കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ; വിവാദം കത്തുന്നതിനിടെ ​ഗണേഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും
10/03/2026  06:40 AM IST
nila
മന്ത്രിയെ ഭാര്യ കണ്ടത് കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ; വിവാദം കത്തുന്നതിനിടെ ​ഗണേഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ ബി ​ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ രണ്ടാം പിണറായി സർക്കാരിന് അവസാന നാളുകളിൽ സൃഷ്ടിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കവെ ഒരു മന്ത്രിക്കെതിരെ സ്വന്തം ഭാര്യ തന്നെ ​ഗുരുതര ആരോപണം ഉയർത്തി രം​ഗത്തെത്തിയത് ഇടത് മുന്നണിയേയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അതേസമയം, വിഷയത്തിൽ തിടുക്കപ്പെട്ട പ്രതികരണമോ നടപടികളോ വേണ്ടെന്ന നിലപാടിലാണ് എൽഡിഎഫ് നേതൃത്വം. 

പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കെ, വിഷയത്തിൽ ഉടൻ തീരുമാനം എടുക്കാതെ തുടർ നടപടികൾ ആലോചിക്കാനാണ് എൽഡിഎഫ് നീക്കം. മന്ത്രി ​ഗണേഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ടു സംഭവങ്ങൾ വിശദീകരിക്കാനാണ് സാധ്യത. രാവിലെ 10ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും ഗണേഷ് കുമാർ പങ്കെടുക്കുമെന്നാണ് വിവരം.

സംഭവത്തിൽ പൊലീസിന്റെ മെല്ലെപ്പോക്കും സർക്കാരിന്റെ മൗനവും പ്രതിപക്ഷം ആയുധമാക്കുകയാണ്. മന്ത്രിയുടെ ഭാര്യ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും മുഖ്യമന്ത്രിയുടെ മകളെ വിവരം അറിയിച്ചതായും പറയപ്പെടുന്ന സാഹചര്യത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം. ഇതിന് പുറമേ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ നൽകിയ പരാതിയിലും നടപടിയില്ലെന്നതും ചർച്ചയാകുന്നു.

ഇന്ന് ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വസതിയിലേക്കും ഓഫീസിലേക്കും പ്രതിഷേധ മാർച്ചുകൾ നടത്താനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. മഹിളാ കോൺഗ്രസ്, കെ.എസ്.യു, മഹിളാ മോർച്ച, യുവമോർച്ച എന്നീ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിനിടെ ഇന്നലെ ബിജെപി നടത്തിയ മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. കെ.എസ്.യു പ്രവർത്തകർ കെഎസ്ആർടിസി ബസ് തടഞ്ഞ് ബാനർ കെട്ടിയും പ്രതിഷേധിച്ചു.

ശനിയാഴ്ച്ച ഉച്ചക്ക് വാളകത്തെ വീട്ടിൽ എത്തിയപ്പോൾ ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടതായാണ് ഭാര്യ ബിന്ദു മേനോന്റെ ആരോപണം. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് തന്നെ ആക്രമിച്ചതായും അവർ ആരോപിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഉയർന്ന ഈ വിവാദം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img