10:52pm 03 July 2026
NEWS
കേരളത്തിന്റെ കായിക രംഗത്തെ അഴിമതികള്‍ക്കും സുതാര്യതയില്ലായ്മയ്ക്കും തടയിടാൻ കടുത്ത നടപടികളുമായി കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്
03/07/2026  02:42 PM IST
ചെറുകര സണ്ണിലൂക്കോസ്
കേരളത്തിന്റെ കായിക രംഗത്തെ അഴിമതികള്‍ക്കും സുതാര്യതയില്ലായ്മയ്ക്കും തടയിടാൻ കടുത്ത നടപടികളുമായി കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്

 

സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന് കീഴില്‍ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന എല്ലാ കായിക അസോസിയേഷനുകളിലും സമഗ്രമായ ഓഡിറ്റിങ് നടത്താൻ മന്ത്രി അടിയന്തര നിർദ്ദേശം നല്‍കി. വിവിധ സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ കായികതാരങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് കായിക വകുപ്പിന്റെ ഈ നിർണായക ഇടപെടല്‍.

ഒഴുക്കൻ മട്ടിലുള്ള മറുപടികള്‍ നല്‍കി അസോസിയേഷനുകള്‍ രക്ഷപ്പെടാതിരിക്കാൻ കൃത്യമായ ഘടനയോട് കൂടിയ ചോദ്യാവലിയാണ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സ്പോർട്സ് കൗണ്‍സിലിന് കൈമാറിയിട്ടുള്ളത്. കൗണ്‍സിലില്‍ നിന്ന് നോട്ടീസ് ലഭിച്ച്‌ ഏഴ് ദിവസത്തിനകം എല്ലാ അസോസിയേഷനുകളും കൃത്യമായ രേഖകള്‍ സഹിതം മറുപടി നല്‍കണം. ഇതിന് ശേഷം ലഭിക്കുന്ന വിവരങ്ങള്‍ കൃത്യമായി പരിശോധിച്ചും തരംതിരിച്ചും ഏഴു ദിവസത്തിനുള്ളില്‍ സമഗ്രമായ ഒരു സ്ഥിതിവിവര റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ സ്പോർട്സ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച പ്രവർത്തനം നടത്തുന്നവർ, തെരഞ്ഞെടുപ്പും ഓഡിറ്റും മുടങ്ങിയവർ, വിവാദങ്ങളില്‍പ്പെട്ടവർ എന്നിങ്ങനെ കൃത്യമായി വേർതിരിച്ചായിരിക്കണം ഈ റിപ്പോർട്ട്.

നിലവില്‍ പല അസോസിയേഷനുകളെക്കുറിച്ചും അപൂർണ്ണമായ വിവരങ്ങള്‍ മാത്രമാണ് സർക്കാരിന്റെ പക്കലുള്ളത്. ഇത് അർഹരായ കായികതാരങ്ങള്‍ക്ക് കൃത്യസമയത്ത് സർക്കാർ സഹായങ്ങളും മത്സരങ്ങള്‍ക്കുള്ള പിന്തുണയും ലഭിക്കുന്നതിന് വലിയ തടസ്സമാകുന്നുണ്ട്. കുട്ടികളുടെ കായിക മികവ് നേരത്തെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനും ഈ കെടുകാര്യസ്ഥത വിഘാതം സൃഷ്ടിക്കുന്നു. ഈ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണാനും, സംഘടനകള്‍ കായിക മേഖലയുടെ വളർച്ചയ്ക്ക് നല്‍കുന്ന യഥാർത്ഥ സംഭാവനകള്‍ വിലയിരുത്താനുമാണ് സർക്കാർ ഇപ്പോള്‍ കടുത്ത ഓഡിറ്റിങ്ങിന് ഒരുങ്ങുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img