
തിരുവനന്തപുരം: സ്ത്രീകളെ സംബന്ധിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി ജോൺ. ആരെയും അധിക്ഷേപിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വിഷയത്തിൽ വിവാദം അവസാനിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. "പറഞ്ഞ വാക്കുകൾ കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതായിരുന്നു. എന്റെ പരാമർശം മൂലം ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം രേഖപ്പെടുത്തുന്നു. ഖേദം പ്രകടിപ്പിക്കാൻ ആരും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. അത് എന്റെ വ്യക്തിപരമായ നിലപാടാണ്," മന്ത്രി പറഞ്ഞു.
പ്രിയദർശിനി ബസുകളിൽ സ്ത്രീകൾ തിരക്കിട്ട് കയറുന്നുവെന്നും പലരും മക്കളെ സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നുവെന്നും മന്ത്രി നടത്തിയ പരാമർശമാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. പരാമർശം പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു. സൗജന്യ യാത്ര ആരുടേയെങ്കിലും ഔദാര്യമല്ലെന്നും അത് ജനങ്ങളുടെ അവകാശമാണെന്നും മന്ത്രി ആവർത്തിച്ചു. സംസ്ഥാനത്ത് ഇപ്പോഴും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നിരവധി കുടുംബങ്ങളുണ്ടെന്നും അവരെ സഹായിക്കുന്ന പദ്ധതിയാണ് പ്രിയദർശിനിയെന്നും അദ്ദേഹം പറഞ്ഞു.
പ്രിയദർശിനി പദ്ധതി കെ.എസ്.ആർ.ടി.സിക്ക് അധിക ബാധ്യതയല്ലെന്നും യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ സർവീസ് നടത്തുന്ന ബസുകളിൽ പലതും പഴക്കമേറിയതാണെന്നും അതും പരിഗണിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










