
പോഷകാഹാര കുറവ് മൂലം ഹരിപ്പാട് രണ്ട് വയസുള്ള കുഞ്ഞ് മരിക്കാൻ ഇടയായ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.ഹരിപ്പാടുള്ള കുട്ടിയുടെ വീട് സന്ദർശിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ കുടുംബത്തിലെ കുട്ടികളുടെ അപകടകരമായ പശ്ചാത്തലം തിരിച്ചറിഞ്ഞു ഗാന്ധിഭവനിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ മാതാപിതാക്കൾ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ചയച്ചു. പിന്നീട് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ, അംഗനവാടി പ്രവർത്തകർ എന്നിവർ കുട്ടികളുടെ വിവരങ്ങൾ അന്വേഷിക്കാൻ വീട്ടിൽ എത്തുമ്പോൾ തികഞ്ഞ നിസ്സഹകരണമാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മിഷൻ വാൽസല്യ ഉൾപ്പെടെയുള്ള നിലവിലെ എല്ലാ പദ്ധതികളും ശിശു സംരക്ഷണത്തിന് പ്രയോജനപ്പെടുത്തും. ഒക്ടോബർ 27 ന് ശിശുക്ഷേമ സമിതി അംഗങ്ങളുടെ പ്രത്യേക യോഗം ചേരും.അപകടകരമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന കുട്ടികളുടെ പട്ടിക പുന:പരിശോധിച്ച് വിപുലീകരിക്കും. കുട്ടികളുടെ അമ്മയ്ക്ക് കൗൺസിലിംഗ് നൽകും. മരിക്കുമ്പോൾ കുട്ടിയുടെ വയറ്റിൽ ആഹാരം ഉണ്ടായിരുന്നില്ല എന്നത് വേദനാജനകമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് തടയാൻ നിതാന്ത ജാഗ്രത ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Photo Courtesy - Google










