
തിരുവനന്തപുരം: അധികാരമേറ്റ് രണ്ട് മാസം പിന്നിട്ടിട്ടും മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനം അനിശ്ചിതത്വത്തിൽ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർദേശിച്ച ഉദ്യോഗസ്ഥന്റെ നിയമനത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന് മന്ത്രി മേയ് അവസാനവാരം തന്നെ ഇ-ഓഫീസ് സംവിധാനത്തിലൂടെ ശുപാർശ ചെയ്തിരുന്നു. കെ.സി. വേണുഗോപാലിന്റെ എം.എൽ.എ കാലത്തും ടൂറിസം മന്ത്രിയായിരുന്നപ്പോഴും പേഴ്സണൽ സ്റ്റാഫിൽ പ്രവർത്തിച്ച പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ് തിരുവനന്തപുരം സ്വദേശിയായ ശരത് ചന്ദ്രൻ. എന്നാൽ മുഖ്യമന്ത്രിയുടെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ നിയമന നടപടി ഇതുവരെ പൂർത്തിയായിട്ടില്ല.
പ്രൈവറ്റ് സെക്രട്ടറി നിയമനം നീണ്ടുപോയതോടെ മന്ത്രിയുടെ ഓഫീസിലെ മറ്റ് സ്റ്റാഫ് നിയമനങ്ങളും തടസപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആറ് ജീവനക്കാരുടെ നിയമന ഉത്തരവുകൾ പുറത്തിറങ്ങിയതോടെ ആ ഭാഗത്തെ അനിശ്ചിതത്വം മാറിയെങ്കിലും പ്രൈവറ്റ് സെക്രട്ടറി നിയമനം ഇപ്പോഴും കാത്തിരിപ്പിലാണ്.
ഇതിനിടെ മന്ത്രി എം. ലിജുവിന്റെയും പ്രൈവറ്റ് സെക്രട്ടറി നിയമനം പൂർത്തിയായിട്ടില്ല. എക്സൈസ്, സഹകരണം എന്നീ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യാൻ അനുയോജ്യനായ ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്. അതേസമയം, മന്ത്രിമാരായ ഒ.ജെ. ജനീഷ്, എ.പി. അനിൽകുമാർ എന്നിവരുടെ പേഴ്സണൽ സ്റ്റാഫ് നിയമന ഉത്തരവുകൾ ഇതിനകം പുറത്തിറങ്ങി.
ചില മന്ത്രിമാർ തങ്ങളുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പേരുകൾ ഔദ്യോഗികമായി ശുപാർശ ചെയ്യാത്തതിനാൽ മറ്റ് ചില നിയമന നടപടികളും വൈകുന്നതായാണ് വിവരം. ഇതോടെ സർക്കാർ രൂപീകരണത്തിന് ശേഷമുള്ള സ്റ്റാഫ് നിയമനങ്ങൾ ഭരണപരമായ വിഷയങ്ങൾക്കപ്പുറം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.











