
ദോഹ: വിദ്യാഭ്യാസ–ഉന്നതവിദ്യാഭ്യാസ മന്ത്രി ലൊൽവ ബിന്റ് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതർ ഓഡിയോ എഡ്യൂക്കേഷൻ കോംപ്ലക്സ് സന്ദർശിച്ചു. കേൾവിപരിമിതിയുള്ള വിദ്യാർത്ഥികളുടെ പഠന സാഹചര്യങ്ങൾ വിലയിരുത്തുന്നതിന്റെയും അക്കാദമിക് പിന്തുണ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് സന്ദർശനം.
ഉന്നതവിദ്യാഭ്യാസ അണ്ടർസെക്രട്ടറി ഡോ. ഹാരിബ് മുഹമ്മദ് അൽ ജാബ്രി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികൾ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസ സേവനങ്ങൾ അവലോകനം ചെയ്ത സംഘം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള മാറ്റം കൂടുതൽ സൗകര്യപ്രദമാക്കുന്ന സംവിധാനങ്ങൾ ചർച്ച ചെയ്തു.
ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായുള്ള ഇൻക്ലൂസീവ് വിദ്യാഭ്യാസ വികസനത്തിനും സമത്വാധിഷ്ഠിത വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമായുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സന്ദർശനം.











