09:39pm 01 October 2026
NEWS
റേഷന്‍ കാര്‍ഡുകള്‍ സംരക്ഷിച്ചു നിര്‍ത്താന്‍ നടപടി സ്വീകരിക്കും മന്ത്രി അനൂപ് ജേക്കബ്
30/09/2026  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
റേഷന്‍ കാര്‍ഡുകള്‍ സംരക്ഷിച്ചു നിര്‍ത്താന്‍  നടപടി സ്വീകരിക്കും മന്ത്രി അനൂപ് ജേക്കബ്

ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കാനുള്ള നീക്കം നടത്തിവരികയാണെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം. റേഷന്‍കാര്‍ഡുകള്‍ സംരക്ഷിച്ചു നിര്‍ത്താനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, റേഷന്‍ കാര്‍ഡ് മരവിപ്പിക്കുന്ന വിവരം കേന്ദ്രസര്‍ക്കാര്‍ ഔപചാരികമായി ഇതുവരെ അറിയിച്ചിട്ടില്ല. കേന്ദ്രം ഇക്കാര്യം ഔദ്യോഗികമായി നില്‍ക്കുന്ന സാഹചര്യവും വന്നാല്‍ സംസ്ഥാനം നടപടികള്‍ സ്വീകരിക്കും. അരലക്ഷത്തോളം മുന്‍ഗണന കാര്‍ഡുകളുടെ കാര്യത്തിലാണ് ഇപ്പോള്‍ പ്രതിസന്ധിയുള്ളത്.

റേഷന്‍ വാങ്ങാത്തവരുടെ വിവരങ്ങള്‍ റേഷന്‍കടകള്‍ വഴി ശേഖരിച്ചുവരികയാണ്. അവരെ കണ്ടെത്തി കേന്ദ്രനീക്കം അറിയിക്കും. റേഷന്‍കടകള്‍ വഴി കാമ്പയിന്‍ തുടങ്ങിയതോടെ റേഷന്‍ വാങ്ങാതിരുന്നവര്‍ രണ്ടുമൂന്നു ദിവസമായി വാങ്ങാനെത്തുന്നുണ്ട്. റേഷന്‍ വാങ്ങിയാല്‍ റേഷന്‍ കാര്‍ഡ് മരവിപ്പിക്കുന്ന ആശങ്ക ഉണ്ടാവുന്നില്ല. ഇ കെവൈസി ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ വീണ്ടും റേഷന്‍ കാര്‍ഡ് ആക്ടീവ് ആകും. അതിനാല്‍, കാര്‍ഡുകള്‍ മരവിപ്പിക്കേണ്ട സാഹചര്യം വരില്ലെന്നാണു കരുതുന്നത്.ആരുടെയും റേഷന്‍ കാര്‍ഡ് നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാകാന്‍ പാടില്ല എന്നത് സര്‍ക്കാരിന്റെ കൃത്യമായ നയമാണ്. റേഷന്‍ കാര്‍ഡ് ഓരോ കുടുംബത്തിനും അര്‍ഹതപ്പെട്ടതാണ്. അര്‍ഹരായവരെ മുന്‍ഗണനയില്‍ ഉള്‍പ്പെടുത്താനുള്ള അവകാശം നിലനിര്‍ത്തി കിട്ടണം. പ്രവാസം, മരണം, വരുമാനം വര്‍ദ്ധിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ റേഷന്‍ വാങ്ങാത്തവരുണ്ട്. ഒഴിവായ കാര്‍ഡുകള്‍ക്കു പകരം മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അതുവഴി അര്‍ഹതപ്പെട്ട മുന്‍ഗണനേതര കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റും. ഇങ്ങനെ നിലവിലുള്ള കാര്‍ഡുകളുടെ എണ്ണം നിലനിര്‍ത്താന്‍ കഴിയുമെന്നാണു കരുതുന്നത്.

അഞ്ചു ലക്ഷത്തോളം നീല, വെള്ള കാര്‍ഡുകളാണു മരവിപ്പിക്കല്‍ ഗണത്തില്‍ വരുന്നത്. ഈ കാര്‍ഡുകാര്‍ക്ക് ടൈഡ്ഓവര്‍ വിഹിതത്തില്‍ നിന്നാണു സംസ്ഥാനം ഭക്ഷ്യധാന്യങ്ങള്‍ നല്‍കിവരുന്നത്. ഇവരെ ഒഴിവാക്കുന്നതു കേന്ദ്രം ഇപ്പോള്‍ പരിഗണിക്കാത്തതിനാല്‍, ഇവരുടെ കാര്യത്തില്‍ ആശങ്ക നിലവിലില്ല.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് പിഡിഎസ് പദ്ധതിയോട് സംസ്ഥാനത്തിന് എതിര്‍പ്പില്ല. സംസ്ഥാന 2024 പദ്ധതിയില്‍ ഒപ്പിട്ടതാണ്. അതിനാല്‍ പിന്‍വാങ്ങാനുമാകില്ല. പിന്‍വാങ്ങേണ്ട സാഹചര്യവുമില്ല. മുന്‍ഗണന വിഭാഗത്തിലേക്ക് കാര്‍ഡുകള്‍ മാറ്റാനുള്ള അവകാശവും അധികാരവും സംസ്ഥാനത്തിനു നിലനിര്‍ത്തണമെന്ന ആവശ്യം കഴിഞ്ഞദിവസം കേന്ദ്രഭക്ഷ്യമന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img